Skip to main content

തൊഴിലിടങ്ങളിലെ ഇന്റേണൽ കമ്മിറ്റികൾ ശക്തിപ്പെടുത്തണം: അഡ്വ പി സതീദേവി

 

 

വനിതാ കമ്മീഷൻ അദാലത്തിൽ

23 പരാതികൾക്ക് പരിഹാരം 

 

കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ പി സതീദേവിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ അദാലത്തിൽ 23 പരാതികൾ തീർപ്പാക്കി. 106 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 66 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 15 പരാതികളിൽ റിപ്പോർട്ട് ആവിശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പരാതികളിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ തൊഴില്‍ ചെയ്യാന്‍ സാഹചര്യം ഒരുക്കുന്ന പോഷ് ആക്ട് ( പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഇന്‍ വര്‍ക്ക്‌പ്ലെയ്‌സ്) അനുശാസിക്കുന്ന പ്രശ്‌ന പരിഹാര സംവിധാനം (ഇന്റേണൽ കമ്മിറ്റി) നിലവില്‍ പല തൊഴില്‍ സ്ഥാപനങ്ങളിലും പൂർണ്ണമായി പ്രവർത്തനക്ഷമമല്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു. നിയമാനുസൃതമായ രീതിയിൽ ഇന്റേണൽ കമ്മിറ്റികൾ മിക്ക സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നില്ല. ഇത്തരം കമ്മിറ്റികൾ സ്ഥാപനങ്ങളിൽ ഉള്ളതായി തൊഴിൽ ചെയ്യുന്നവർക്ക് പോലും അറിവില്ല. അതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിൽ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ച് ഫലപ്രദമായി ഇടപെടലുകള്‍ നടത്തണം.

 

ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഒട്ടേറെ പരാതികളാണ് കമ്മീഷന് മുമ്പിൽ ലഭിക്കുന്നത്. പരസ്പരം ആശയവിനിമയം ഇല്ലാതെ ഒരേ വീട്ടിൽ തുടരുന്ന അവസ്ഥ. ഇത്തരം സാഹചര്യത്തിൽ കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതം സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യകരമായ രക്ഷാകർതൃത്വം സംബന്ധിച്ച് വളരെയധികം ബോധവൽക്കരണം ആവശ്യമാണ്. എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി ആരോഗ്യകരമായ ബന്ധങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. 

 

തീരദേശ, ആദിവാസി, പ്ലാന്റേഷൻ മേഖലകളിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ക്ക് അവർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനായി പബ്ലിക് ഹിയറിംഗ് പരിപാടികളും നടത്തുന്നുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു. 

 

പുരുഷന്മാരിലെ മദ്യപാനാസക്തി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ, അയൽപക്ക തർക്കങ്ങൾ, തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾക്ക് സ്ത്രീകൾ ഇര ആകുന്നത് തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 

 

 കമ്മീഷൻ മെമ്പർമാരായ അഡ്വ എലിസബത്ത് മാമൻ മത്തായി, അഡ്വ ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, കമ്മീഷൻ പാനൽ അഭിഭാഷകരായ അഡ്വ കെ ബി രാജേഷ്, അഡ്വ സ്മിത ഗോപി, അഡ്വ വി എ അമ്പിളി, കൗൺസിലർ ബി പ്രമോദ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

date