Skip to main content
ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കല്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വിദ്യാര്‍ഥികള്‍ ജനാധിപത്യത്തെ അറിഞ്ഞു വളരണം -മന്ത്രി വി ശിവന്‍കുട്ടി

'ഗവര്‍ണറുടെ അധികാരങ്ങളും കടമകളും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും' 

വിദ്യാര്‍ഥികള്‍ ജനാധിപത്യത്തെ അറിഞ്ഞു വളരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിദ്യാലയങ്ങളെയും ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗവര്‍ണറുടെ അധികാരങ്ങളും കടമകളും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാര്‍വത്രിക പ്രായോഗിക വിദ്യാഭ്യാസം, സാക്ഷരത മിഷന്‍, സ്ത്രീകളുടെ വിദ്യാഭ്യാസം, ലിംഗഭേദമില്ലാതെ മികച്ച വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ദേശീയ തലത്തില്‍ തന്നെ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പരിധിയിലെ 1500ഓളം വിദ്യാര്‍ഥികള്‍ക്കാണ് സ്‌നേഹാദരം ഒരുക്കിയത്. നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച ദീപ്നിയക്കും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 90 ശതമാനം വിജയം നേടിയ മൂന്ന് സ്‌കൂളുകള്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ നാല് സ്‌കൂളുകള്‍ക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു.

സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. എഡ്യൂകെയര്‍ കോഓഡിനേറ്റര്‍ വി പ്രവീണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷരായ നിഷ പുത്തന്‍പുരയില്‍, പി സുരേന്ദ്രന്‍, വി പി ജമീല, കെ വി റീന, അംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി, മുക്കം മുഹമ്മദ്, ഐ പി രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, എം പി ശിവാനന്ദന്‍, ഡി ഡി ഇ ശിവദാസന്‍, ആര്‍ രാജേഷ് കുമാര്‍, വി ആര്‍ അപര്‍ണ, ജി മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date