ഭവനപുനരുദ്ധാരണ പദ്ധതി: ജൂലൈ 31 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് സഹായം നല്‍കുന്നത്. ജനലുകള്‍,വാതിലുകള്‍,മേല്‍ക്കൂര , ഫ്ലോറിംഗ്,ഫിനിഷിങ്,പ്ലംബിംങ്, സാനിറ്റേഷന്‍, വയറിംഗ്, എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം.
ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപ ലഭിക്കും. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍. കുടുംബത്തിന് മുന്‍ഗണന. പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കും മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം, 2025-26 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണ് എന്ന് വില്ലേജ് ആഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, സിവില്‍ സ്റ്റേഷന്‍,കുയിലിമല,പൈനാവ്, ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ, ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in ല്‍ ലഭിക്കും
- Log in to post comments