കർഷകർക്കും സംരംഭകർക്കും നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാക്കാൻ കുടുംബശ്രീയുടെ കെ-ടാപ് പദ്ധതി
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ- ടാപ്) കാർഷിക മേഖലയിൽ സുസ്ഥിര വികസനം നേടിയെടുക്കാൻ കർഷകർക്കും സംരംഭകർക്കും സാങ്കേതികവിദ്യയും നൂതന ആശയങ്ങളും ലഭ്യമാക്കാൻ അവസരം ഒരുക്കുന്നു. ഇന്ത്യയിലെ പ്രമുഖ കാർഷിക-ഭക്ഷ്യ സംസ്കരണ ഗവേഷണ സ്ഥാപനങ്ങളുടെ 180-ലധികം നൂതന സാങ്കേതിക വിദ്യകൾ ഈ പദ്ധതിയിലൂടെ കർഷകർക്കും സംരംഭകർക്കും എത്തിക്കുകയാണ് ലക്ഷ്യം.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, തഞ്ചാവൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം, സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, കേരള കാർഷിക സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ കെ- ടാപ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പ്രമേഹ സൗഹൃദ ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ഹൈ-പ്രോട്ടീൻ ലഘുഭക്ഷണങ്ങൾ, ഷുഗർഫ്രീ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ലോ ഗ്ലൈസെമിക് ഇൻഡക്സ് ഉൽപ്പന്നങ്ങൾ, നാച്ചുറൽ ഫുഡ് കളറുകൾ, മൾട്ടിഗ്രെയിൻ ബ്രെഡുകൾ, പലതരം ഫ്രൂട്ട് ജ്യൂസുകൾ, നാളികേര ഉൽപ്പന്നങ്ങൾ, കിഴങ്ങുവിളകളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, ചെറുധാന്യങ്ങൾ, മുരിങ്ങയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, ഐസ്ക്രീമുകൾ, ഇൻസ്റ്റന്റ് ഫുഡ് മിക്സുകൾ തുടങ്ങി 180 ഓളം വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കുടുംബശ്രീ സംരംഭകർക്ക് ഈ പദ്ധതിയിലൂടെ തയ്യാറാക്കാനാകും.
ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ
തൃശ്ശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച ടെക്നോളജി ഡിസ്സെമിനേഷൻ ക്ലിനിക്കിൽ 350-ഓളം കർഷകരും സംരംഭകരും പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. സലിൽ യു. അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും വിശദമായി അവതരിപ്പിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ കെ. എൻ. ദീപ നന്ദിയും പറഞ്ഞു.
- Log in to post comments