Skip to main content

പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം ; ജില്ലാപഞ്ചായത്ത് മികവ് പദ്ധതി ശില്പശാല നാളെ (ജൂൺ 24)

 

 

ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിലെ തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്കായി നടത്തുന്ന മികവ് പദ്ധതിയുടെ ഭാഗമായ സൗജന്യ പരിശീലന കോഴ്സുകളുമായി ബന്ധപ്പെട്ട ശില്പശാല നാളെ (ജൂൺ 24) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.

 

പൈപ്പ് ഫാബ്രിക്കേറ്റർ, കോസ്മറ്റോളജി, സർട്ടിഫൈഡ് നേഴ്സിംഗ് അസിസ്റ്റന്റ്, ടിഗ് & ആർക് വെൽഡിംഗ്, ടു വീലർ ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ റിപ്പയറിംഗ്, ജെറിയാട്രിക് കെയർ എന്നീ കോഴ്‌സുകളിലാണ് പരിശീലനം. മൂന്ന് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള കോഴ്സുകൾ സർക്കാരിന്റെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളിലാണ് നടത്തുന്നത്. ഏഴ് കോഴ്സുകളിലായി 280 കുട്ടികൾക്ക് പ്രവേശനം നൽകും. പൂർണ്ണമായും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കോഴ്സ് നടത്തുന്നത്. ഇതിനായി രണ്ട് കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്. പഠനം വിജയകരമായി പൂർത്തീയാക്കുന്നവർക്ക് കോഴ്സുകൾ നടത്തുന്ന സ്ഥാപനം തന്നെ വിദേശത്തടക്കം തൊഴിൽ ഉറപ്പാക്കി നൽകുന്നുവെന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.  

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- യുവാക്കൾക്കായി ജില്ലാ പഞ്ചായത്ത് നടത്തുന്ന മികവ് പദ്ധതി സംസ്ഥാനത്തെ മാതൃകാ പദ്ധതികളിലൊന്നാണെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.

 

 താല്പര്യമുള്ളവർ ചൊവ്വാഴ്ച ( ജൂൺ 24)

കാക്കനാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന ശില്പശാലയിൽപങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ, ബ്ലോക്ക് വികസന ഓഫീസുമായോ ബന്ധപ്പെടുക.

date