Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടന്നു

 

 

 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലാതല സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ അംഗം എ സൈഫുദ്ദീൻ പരാതികൾ പരിഗണിച്ചു.

 

 മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊതു ശ്മശാനം നിർമ്മിക്കുന്നതിനെതിരെ കടുകുളങ്ങര സ്വദേശി കമ്മീഷന് മുമ്പിൽ സമർപ്പിച്ച പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സംഘടനകൾ, എന്നിവരെയും പരാതിക്കാരനെയും ഉൾപ്പെടുത്തി പബ്ലിക് ഹിയറിങ് സംഘടിപ്പിച്ച് തീരുമാനം കൈകൊള്ളാൻ കമ്മീഷൻ അധികാരികൾക്ക് നിർദ്ദേശം നൽകി.

 

 ഇടമലയാർ ഇറിഗേഷൻ പ്രൊജക്റ്റിന്റെ ഭാഗമായി പ്രദേശവാസികളെ കുടി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന വ്യക്തി നൽകിയ പരാതി കമ്മീഷൻ പരിഗണിച്ചു. പ്രൊജക്റ്റിന്റെ ഭാഗമായി പരാതിക്കാരനെ മാത്രം കുടി ഒഴിപ്പിക്കുന്നതിനായി നോട്ടീസ് അയച്ചു എന്ന് കാണിച്ചു നൽകിയ പരാതിയിൽ ഇതുമായി ബന്ധപ്പെട്ട് മറ്റു നിവാസികളെ ഒഴിപ്പിക്കുമ്പോൾ മാത്രമേ പരാതിക്കാരനെയും ഒഴിപ്പിക്കാവൂ എന്ന് കമ്മീഷൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

 

പന്ത്രണ്ട് പരാതികൾ പരിഗണിച്ചതിൽ മൂന്ന് പരാതികൾ കമ്മീഷൻ പരിഹരിച്ചു. ഒമ്പത് പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുന്നതിനായി മാറ്റി. മൂന്ന് പുതിയ പരാതികളാണ് കമ്മീഷൻ നേരിട്ട് സ്വീകരിച്ചത്.

 

 

കമ്മീഷന് വാട്സ് ആപ്പ് മുഖേന 97465 15133 എന്ന നമ്പറിൽ പരാതികൾ നൽകുവാൻ സൗകര്യമുണ്ട്.

date