വൈദ്യുതി സുരക്ഷാ പാഠങ്ങളുമായി ബോധവത്കരണ ക്ലാസ്
ജില്ലയില്‍ വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിയമപരമായ വ്യവസ്ഥകളും വാരാചരണ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസില്‍ വിശദീകരിച്ചു. 'വൈദ്യുതി സുരക്ഷ എങ്ങനെ ഉറപ്പുവരുത്താം' എന്ന വിഷയത്തില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരായ ആര്. ആതിരയും ആര്. രാഹുലും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
വീടുകളിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കാന്‍, വയറിങ് സാമഗ്രികളും മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ഐ.എസ്.ഐ. മുദ്രയുള്ളവ മാത്രം തിരഞ്ഞെടുക്കണം. ഇലക്ട്രിക്കല്‍ ഇന്സ്റ്റാളേഷന് ജോലികള്‍ക്കായി അംഗീകൃത രജിസ്ട്രേഷനും ലൈസന്‍സുമുള്ളവരെ മാത്രം ചുമതലപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ലൈസന്‍സ് ഇല്ലാത്തവരെക്കൊണ്ട് ജോലികള്‍ ചെയ്യിക്കുന്നത് അനധികൃത വയറിങിന്റെ പരിധിയില്‍ വരും. ബി.എസ്.ഐ. സര്ട്ടിഫിക്കേഷന് ഇല്ലാത്ത സാമഗ്രികള്‍ വയറിങിനായി ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം പ്രവൃത്തികള്‍ ഉപകരണങ്ങളുടെ നാശത്തിനും ഉയര്‍ന്ന വൈദ്യുതി നിരക്കിനും സാമ്പത്തിക നഷ്ടത്തിനും വഴിവെക്കുമെന്ന് ക്ലാസില്‍ ഓര്‍മ്മിപ്പിച്ചു. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാന്‍ കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും അറ്റകുറ്റപ്പണികളും അത്യാവശ്യമാണെന്നും ക്ലാസ് ചൂണ്ടിക്കാട്ടി.
കൃഷിഭൂമികളിലും മറ്റും വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളത്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ അനുമതിയോടെ മാത്രമേ വൈദ്യുത വേലി സ്ഥാപിക്കാന്‍ പാടുള്ളൂ. ഇതിനായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്‍സ്പെക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. ഗുണനിലവാരമുള്ളതും അംഗീകൃത ലാബിന്റെ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുള്ളതുമായ ഇലക്ട്രിക് ഫെന്‍സ് എനര്ജൈസറുകള് മാത്രമാണ് അപേക്ഷകള്‍ക്ക് പരിഗണിക്കുക. ഇലക്ട്രിക് ഫെന്‍സ് എനര്‍ജൈസര്‍ ഉപയോഗിച്ച് മാത്രമേ വൈദ്യുതി വേലി സ്ഥാപിക്കാന്‍ പാടുള്ളൂ എന്നും, ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി മാത്രമേ എനര്‍ജൈസര്‍ നല്‍കാവൂ എന്നും നിര്‍ബന്ധമുണ്ട്. മൃഗങ്ങള്‍ കുടുങ്ങിക്കിടക്കാത്തവിധം വേലി ശാസ്ത്രീയമായിരിക്കണം, കൂടാതെ ലോഹ മുള്ളുവേലികള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. വേലിയുടെ പല ഭാഗങ്ങളിലായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ നല്‍കുകയും വേണം. വീട്ടില്‍ നിന്നോ, കാര്‍ഷിക കണക്ഷനില്‍ നിന്നോ, കെ.എസ്.ഇ.ബി. ലൈനില്‍ നിന്നോ നേരിട്ട് വേലിയിലേക്ക് വൈദ്യുതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ക്ലാസില്‍ വ്യക്തമാക്കി.
- Log in to post comments