ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് തിരൂരിൽ സമാപനമായി
കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് സമാപനമായി. മെയ് അഞ്ചിന് ആരംഭിച്ച് 13 ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് സന്ദേശയാത്ര തിരൂരിൽ സമാപിച്ചത്. വിദ്യാർത്ഥികളും കായികതാരങ്ങളും കലാപ്രവർത്തകരും ചേർന്ന് നടത്തിയ അമ്പ്രല്ല റാലി തിരൂരിന് ആവേശമായി. തിരൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റാലി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. കൗമാരക്കാരെയും യുവാക്കളെയും പിടികൂടുന്ന രാസ ലഹരിയെ പൂർണ്ണമായി ഇല്ലാതാക്കുക എന്നതായിരുന്നു ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലക്ഷ്യമെന്നും ആവേശോജ്വലമായ സ്വീകരണമാണ് യാത്രയ്ക്ക് സംസ്ഥാനമാകെ ലഭിച്ചതെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കാൻ സർക്കാറിന് കഴിഞ്ഞു. വ്യാപകമായ പരിശോധനയിലൂടെ രാസ ലഹരികൾ കണ്ടെടുത്ത് നശിപ്പിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുത്തു. ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളിലടക്കം ചെന്ന് ലഹരി മാഫിയയെ പിടികൂടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതു സമൂഹവും പങ്കാളികളായി. അവരുടെ പങ്കാളിത്തമാണ് ലഹരി വിരുദ്ധ സന്ദേശയാത്രയെ മഹാവിജയമാക്കി മാ റ്റിയതെന്നും മന്ത്രി പറഞ്ഞു. പഠനത്തിൻറെ ഭാഗമായ സമ്മർദ്ദം ഒഴിവാക്കാൻ കുട്ടികളെ കളിക്കളങ്ങളിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം വിശീകരിച്ചു.
തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ വി ആർ വിനോദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫുട്ബോൾ താരം പത്മശ്രീ ഐ എം വിജയൻ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, സംഗീത സംവിധായകൻ ബിജിബാൽ, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
നഗരസഭ ചെയര്‍പെഴ്സൺ എ. പി നസീമ, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിക് കൈനിക്കര, തിരൂർ കളക്ടർ ദിലീപ് കൈനിക്കര, മലയാളം സർവകലാശാല വൈസ് ചാൻസിലർ വി ആർ പ്രസാദ്, തിരൂർ നഗരസഭ ചെയർപേഴ്സൺ എ. പി നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :യു സൈനുദ്ദീൻ,താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഇ. സിന്ധു, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ തുടങ്ങി രാഷ്ട്രീയ -കലാ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു
- Log in to post comments