തിരൂർ നഗരത്തെ കുടക്കീഴിലാക്കി അമ്പ്രല്ല റാലി: ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി നടന്ന വാക്കത്തോൺ ശ്രദ്ധയാകർഷിച്ചു
സംസ്ഥാന കായിക വകുപ്പ് നേതൃത്വം നൽകിയ ലഹരി വിരുദ്ധ സന്ദേശയാത്രയായ കിക്ക് ഡ്രഗ്സ് സെ യെസ് ടു സ്പോർട്സിന്റെ സമാപന ചടങ്ങിന് മുന്നോടിയായാണ് വാക്കത്തോൺ നടന്നത്. പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ നിന്നും രാവിലെ ആറുമണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച മാരത്തോൺ സബ് കളക്ടർ അപൂർവ ത്രിപാഠി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അങ്ങാടിപ്പുറം, വേങ്ങര എന്നിവിടങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങൾക്കും വിവിധ പരിപാടികൾക്കും ശേഷമാണ് തിരൂർ സ്റ്റേഡിയം പരിസരത്ത് എത്തിച്ചേർന്നത്. ഇ.സ്പോർട്സ്, ഡ്രോൺ റൈസ്, വടംവലി തുടങ്ങിയ പരിപാടികൾക്ക് ശേഷം സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച അംബ്രല്ല റാലിയായി സമാപന വേദിയായ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലേക്ക് തിരിച്ചു. ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, ദേശീയ അന്തർദേശീയ കായിക താരങ്ങൾ ഉൾപ്പെടെ 5000 ത്തോളം കായികതാരങ്ങൾ, എസ്പിസി,സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി, എൻഎസ്എസ്, ജെആർസി, അംഗനവാടി ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവാക്കൾ, വ്യാപാരി വ്യവസായികൾ, തുടങ്ങി വിവിധ മേഖലകളിൽ ഉൾപ്പെട്ടവർ പങ്കെടുത്ത മഹാ റാലിക്കാണ് തിരൂർ നഗരം സാക്ഷ്യം വഹിച്ചത്. നാടൻ കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ റാലിയ്ക്ക് കൊഴുപ്പേകി. മഴയിലും ആവേശത്തോടെ നടന്ന റാലി വൈകിട്ട് 5 മണിയോടെ സമാപന വേദിയിലെത്തി.
- Log in to post comments