അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം; ജില്ലാതല പരിപാടി സംഘടിപ്പിച്ചു
യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന പുതിയ കാലത്ത് ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാകുകയാണ്. വിമുക്തി ജില്ലാ ഡിവിഷന്‍'' ബ്രേക്ക് ദ സൈക്കിള്‍ ''എന്ന സന്ദേശം നല്‍കി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നന്മയും തിന്മയും മനസ്സിലാക്കി മയക്കുമരുന്ന് പോലുള്ള ലഹരി ഉത്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കാനും മറ്റുള്ളവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുമുള്ള ആര്‍ജ്ജവം ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.പി ജനാര്‍ദ്ദനന്‍ ബോധവല്‍ക്കരണ കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍ഹിച്ചു. ഹെസ്ദുര്‍ഗ് സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്ന കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആലാപന വിഭാഗത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മഹിപാല്‍ മയക്കുമരുന്ന് വിരുദ്ധ ഗാനാലാപനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എന്‍ അശോക് കുമാര്‍, ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ഡോ.എന്‍ വേണുനാഥന്‍, ഹെഡ്മാസ്റ്റര്‍ പി.സുമ,പി.ടി.എ പ്രസിഡണ്ട് പി.വിനോദ് കുമാര്‍, കെ.എസ്.ഇ.എസ് എ ജില്ലാ പ്രസിഡണ്ട് പി.നിഷാദ്, വിമുക്തി ക്ലബ്ബ് ടീച്ചര്‍ ഇന്‍ ചാര്‍ജ് കെ.വി ജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ അന്‍വര്‍ സാദത്ത് സ്വാഗതവും വിമുക്തി കോഡിനേറ്റര്‍ സ്‌നേഹ നന്ദിയും പറഞ്ഞു.
- Log in to post comments