Skip to main content

ഭൂ രേഖാപരിപാലനത്തിൽ രാജ്യത്ത്ഏകരൂപം കൈവരിക്കാൻ കേരളം വഴികാട്ടി: കേന്ദ്ര സർവെ ഡയറക്ടർ

*ഡിജിറ്റൽ സർവെ കോൺക്ലേവ് ഡെലിഗേറ്റ് സെഷനുകൾക്ക് സമാപ്തി

രാജ്യത്താകമാനം ഭൂ രേഖാപരിപാലനത്തിൽ ഏകരൂപവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള സർവെ ഓഫ് ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതാണ് കേരളത്തിന്റെ ഈ രംഗത്തെ നടപടികളെന്ന് ഇന്ത്യൻ സർവെയർ ജനറൽ ഹിതേഷ് കുമാർ മക്വാന അഭിപ്രായപ്പെട്ടു. കോവളത്ത് നടന്ന ഡിജിറ്റൽ റീസർവെ 'ഭൂമി' ദേശീയ കോൺക്ലേവിൽ 'ജിയോ സ്‌പേഷ്യൽ ഇന്നവേഷൻസ്: ഇൻഡസ്ട്രി സൊല്യൂഷൻസ് ആന്റ് അഡ്വാൻസ്‌മെന്റ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂ പരിപാലനത്തിൽ മാത്രമല്ല, ഭൂഭരണത്തിലും കേരളം ഒരു വഴികാട്ടിയാണെന്നും മക്വാന പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ സർവെ പദ്ധതികളായ ഡി ഐ ആർ എം പി, നക്ഷ എന്നിവയുടെ അനുഭവങ്ങൾ കേന്ദ്ര ലാൻഡ് റെക്കോഡ്‌സ് ജോയിന്റ് സെക്രട്ടറി കുനാൽ സത്യാർത്ഥി വിവരിച്ചു. പട്ടണപ്രദേശങ്ങളിലാണ് നക്ഷ പോലുള്ള സർവെ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഇത് ആരംഭിക്കുന്നതിനും മുമ്പേ തന്നെ പല പട്ടണങ്ങളിലും ഡിജിറ്റൽ റീസർവെ തുടങ്ങിയതിനെ അദ്ദേഹം പ്രശംസിച്ചു.

കേരളത്തിന്റെ സർവേ മാതൃകയെ കുറിച്ച് സർവെ ഡയറക്ടർ സീറാം സംബശിവ റാവു, 'എന്റെ ഭൂമി' പദ്ധതിയുടെ അനുഭവങ്ങൾ പങ്കുവച്ച് ലാൻഡ് റവന്യൂ കമ്മിഷണർ മുഹമ്മദ് സഫിറുള്ള, ആന്ധ്രാപ്രദേശിലെ സർവെ നടപടികൾ വിവരിച്ച് അന്ധ്രപ്രദേശ് അഡീഷണൽ ചീഫ്  കമ്മിഷണർ എൻ പ്രഭാകര റെഡ്ഡി തുടങ്ങിയവർ  സംസാരിച്ചു.

തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി പി അമുദ, പശ്ചിമ ബംഗാൾ രജിസ്‌ട്രേഷൻ ഐജി പവൻ കദ്യാൻ, ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ജയന്തി എസ് രവി, അസം ലാൻഡ് റെക്കോഡ്‌സ് ആന്റ് സർവെ ഡയറക്ടർ കൈലാഷ് കാർത്തിക്, മധ്യപ്രദേശ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിവേക് പോറിവാൾ, പശ്ചിമ ബംഗാൾ ലാൻഡ് റെക്കോഡ്‌സ് ഡയറക്ടർ വിഭൂ ഗോയൽ, തെലങ്കാന മുൻ സ്‌പെഷൽ ചീഫ് സെക്രട്ടറി വിനോദ് കെ അഗർവാൾ, യഷാഡ ഡയറക്ടർ ജനറൽ എൻ കെ സുധാംശു, എറണാകുളം സബ് കളക്ടർ കെ മീര, കാസർകോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ, റീ ബിൽഡ് കേരള ഡെപ്യൂട്ടി സിഇഒ സച്ചിൻ കുമാർ യാദവ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

പ്ലാനിങ് ബോർഡ് ചെയർമാൻ വി കെ രാമചന്ദ്രൻ, എൻ ഐ സി മുൻ ഡെപ്യൂട്ടി ജനറൽ ഡി സി മിശ്ര, കേരള ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, കെ എസ്‌ ഐ ടി ഐ എൽ എംഡി സന്തോഷ് ബാബു,കർണാടക റവന്യൂ കമ്മിഷണർ പി സുനിൽകുമാർ, വേൾഡ് ബാങ്ക് ലീഡ് ലാൻഡ് അഡ്മിനിസ്‌ട്രേറ്റർ മിക്ക പട്ടേരി, കേരള വാട്ടർ അതോറിറ്റി എംഡി കെ ജീവൻ ബാബു, കേരള രജിസ്‌ട്രേഷൻ ഐജി ശ്രീധന്യ സുരേഷ് എന്നിവരും വിവിധ സെഷനുകളിൽ സംസാരിച്ചു.

പി.എൻ.എക്സ് 2955/2025

date