തൈക്കാട്ടുശ്ശേരിയും ഇനി 'കൃഷിശ്രീ' യാകും
*'കൃഷിശ്രീ' സെന്റർ ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു
തൈക്കാട്ടുശ്ശേരിയിലെ കാർഷിക മേഖലയ്ക്ക് കരുത്തു പകരാന്‍ പുതിയ 'കൃഷിശ്രീ' സെന്റർ പ്രവർത്തനം ആരംഭിച്ചു. പാണാവള്ളി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് അങ്കണത്തിൽ സജ്ജമാക്കിയ കൃഷിശ്രീ സെൻ്ററിൻ്റെ പ്രവർത്തനോദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു.
കൃഷിവകുപ്പ്, ആത്മ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്കിൽ കൃഷിശ്രീ സെൻ്റർ അനുവദിച്ചത്. കാർഷികരംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും യന്ത്രവൽക്കരണം വ്യാപകമാക്കുന്നതിനും അഭ്യസ്‌തവിദ്യരായ തൊഴിലാളികൾക്ക് സെൻ്ററിനു കീഴിൽ പരിശീലനം നൽകും. ഇവരിലൂടെ ബ്ലോക്ക് പരിധിയിൽ ആധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മിതമായ നിരക്കിൽ കൃഷിയിടങ്ങൾ ഒരുക്കുകയും കാർഷിക ഉത്പാദനം കൂട്ടുകയും കർഷകരുടെ വരുമാനം ഉയർത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ബ്ലോക്ക് പരിധിയിൽ നിന്നും 35 കർഷക സേവകരെയും കോ-ഓർഡിനേഷനായി ഒരു ഫെസിലിറ്റേറ്ററെയും തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി പ്രകാരം ട്രില്ലർ, ട്രാക്ടർ, ബ്രഷ് കട്ടർ, തെങ്ങുകയറ്റ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾ സെന്ററിൽ സജ്ജമാക്കുന്നതിന് ഒന്നാം ഘട്ടത്തിൽ എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം കെ ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്മിതാ ദേവാനന്ദ്, ശോഭനാകുമാരി, പാണാവള്ളി പഞ്ചായത്തംഗം ലീനാകുമാരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് പിന്റു റോയ് വട്ടക്കുന്നേൽ, ആത്മ ആലപ്പുഴ പ്രൊജക്ട് ഡയറക്ടർ പി കെ ബേബി റീന, പാണാവള്ളി മുൻകൃഷി അസിസ്റ്റന്റ് ഡയറക്ടറും കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ ജി വി റെജി, കൃഷിശ്രീ സെന്റർ പ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്ക്കൽ, കൃഷി ഓഫീസർമാരായ വർഷ ബാബു, രേഷ്മ, കൃഷി ഉദ്യോഗസ്ഥരായ പ്രീതി, അനിലൻ, അനിൽലാൽ, ആത്മ ഡിടിഎം ആതിര ഓമനക്കുട്ടൻ, ബിടിഎം സിജി, എടിഎം സജിമോൻ, സെക്രട്ടറി സാബു, കർഷക സേവകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1863)
- Log in to post comments