എളവള്ളി ഞാറ്റുവേല ചന്ത; നുകം മുതല്‍ കാര്‍ഷിക ഡ്രോണ്‍ വരെ കാണാം
കാര്‍ഷിക സമൃദ്ധിയില്‍ പഴമയുടെയും പുതുമയുടെയും ആശയസംവാദമാവുകയാണ് എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ഞാറ്റുവേല ചന്ത. കൃഷിസ്ഥലത്തേക്ക് വെള്ളമെത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേക്കുകൊട്ട മുതല്‍ കാര്‍ഷിക ഡ്രോണ്‍ വരെ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നൂതന കൃഷി രീതികളും സാങ്കേതികവിദ്യയും പരമ്പരാഗത കൃഷി രീതികളും തനത് കാര്‍ഷിക ഉത്പന്നങ്ങളുമെല്ലാം സജ്ജീകരിച്ച് മികച്ച കാര്‍ഷിക അനുഭവവും സംസ്‌കാരവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ് ചന്തയിലൂടെ.
പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ് ഈ വര്‍ഷത്തെ ഞാറ്റുവേലച്ചന്തയുടെ പ്രധാന ലക്ഷ്യമെന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു. നാളികേരം ചിരകി പാല്‍ പിഴിയുന്നതിന് ഉപയോഗിക്കുന്ന പഴയകാല മര നിര്‍മ്മിത യന്ത്രം ഞാറ്റുവേല ചന്തയില്‍ ഒരുക്കിയ പ്രദര്‍ശനത്തിലെ പ്രധാന കൗതുകമാണ്. കിണറുകളില്‍ നിന്നും മറ്റും വെള്ളം കോരുന്നതിന് ഉപയോഗിച്ചിരുന്ന മരക്കപ്പി, നിലം ഉഴുന്നതിന് ഉപയോഗിച്ചിരുന്ന നുകം, നിര പലകകള്‍, മുള നിര്‍മിത ഉത്പന്നങ്ങളായ വട്ടോറം, കൊമ്പോറം, കുട്ട, വ്യത്യസ്തങ്ങളായ വാഴക്കുലകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
സൗജന്യ മണ്ണ് പരിശോധന, കൃഷി സെമിനാറുകള്‍, കാര്‍ഷിക-കാര്‍ഷികേതര സ്റ്റാളുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍, കാര്‍ഷിക നഴ്‌സറി, കര്‍ഷക കൂട്ടായ്മ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം അറിവുകളും അനുഭവങ്ങളും ഉത്പന്നങ്ങളും വിപണനവുമായി ഞാറ്റുവേല ആഘോഷമാക്കുകയാണ് എളവള്ളിയിലെ കര്‍ഷകര്‍.
നാളികേര വികസന ബോര്‍ഡ് പദ്ധതികളും, സുരക്ഷിത തെങ്ങ് കൃഷിയും, നെല്‍കൃഷിയിലെ ജൈവ-ജീവാണു കീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, പെണ്ണാരോഗ്യം ആയുര്‍വേദത്തില്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
നാളികേര വികസന ബോര്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍. ദീപ്തി, പാവറട്ടി കൃഷി ഓഫീസര്‍ ടി. രേഷ്മ രാജ്, എളവള്ളി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എം. ഷാമില എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി
- Log in to post comments