Skip to main content

മഴ: മൂവാറ്റുപുഴയിൽ അടിയന്തര യോഗം ചേർന്നു

 

 

മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ചെയർമാൻ പി പി എൽദോസിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.   

  എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചു.

 

അപകട ഭീഷണി നിലനിൽക്കുന്ന വെള്ളൂർക്കുന്നം കോർമലയിലെ രണ്ട് കുടുംബങ്ങളെ ഉടൻ മാറ്റി പാർപ്പിക്കാൻ നിർദേശം നൽകി. കുടുംബാംഗങ്ങളെ താത്കാലികമായി ക്യാമ്പുകളിലേക്ക് മാറ്റും. പിന്നീട് കാലവർഷം തീരുന്നത് വരെ വാടക വീട്ടിൽ താമസിപ്പിക്കും. വാടക നഗരസഭ നൽകും. ഒരു കാരണവശാലും കോർമലയിൽ താമസം തുടരാൻ അനുവദിക്കില്ലന്ന് കാണിച്ച് കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാറി താമസിക്കാൻ ഇവർ വിമുഖത കാണിച്ചതോടെ ജില്ല കളക്ടറോട് ഉചിത നടപടി സ്വീകരിക്കാൻ അഭ്യർഥന നടത്തി. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്‌ടർ തഹസീൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

താഴ്ന്ന‌ പ്രദേശങ്ങളായ കടാതി ആനിക്കാകുടി, ഇലാഹിയ നഗർ കോളനി, കാളച്ചന്ത തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി. പ്രളയ ബാധിതരെ മാറ്റി പാർപ്പിക്കുന്നതിന് കടാതി എൻഎസ്എസ് കരയോഗം, ജെ.ബി സ്‌കൂൾ വാഴപ്പിള്ളി, വനിത സെന്റർ മുവാറ്റുപുഴ, കുര്യൻമല അങ്കണവാടി എന്നിവിടങ്ങളിൽ ക്യാമ്പ് തുറന്നു. ക്യാമ്പിൽ എത്തുന്നവർക്ക് ഭക്ഷണം ക്യാമ്പിൽ തന്നെ ലഭ്യമാക്കും. ഡോക്‌ടർമാരുടെ സേവനവും അവശ്യകാർക്ക് മരുന്നുകളും ക്യാമ്പിൽ ലഭ്യമാക്കും.

date