*പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത് സംസ്ഥാന നയം: മന്ത്രി പി. രാജീവ്* *എസ്.ഐ.എഫ്.എല്ലിൽ പുതിയ ഹൈഡ്രോളിക് ഓപ്പൺ ഫോർജിംഗ് ഹാമറിന്റെ പ്രവർത്തന ഉദ്ഘാടനവും കോർപ്പറേറ്റ് ഓഫീസിന്റെ ശിലാസ്ഥാപന അനാച്ഛാദനവും മന്ത്രി നിർവഹിച്ചു*
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡിൽ പുതിയ ഹൈഡ്രോളിക് ഓപ്പൺ ഫോർജിംഗ് ഹാമറിന്റെ പ്രവർത്തന ഉദ്ഘാടനവും പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്ന ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലയിലെ നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡ് മുഖേനയാക്കിയതോടെ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമായി. നിലവിൽ 24 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ആകെ വിറ്റുവരവ് 5000 കോടി രൂപയാണ്. കൂടാതെ, 23 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറയ്ക്കാനും സാധിച്ചുവെന്നും വ്യവസായങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം കേരളത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡ് എം.ഡി കമാൻഡർ പി. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഹാമറിന്റെ നിർമാതാവായ ചൈനീസ് കമ്പനി അന്യാങ്ങിന്റെ ഇന്ത്യൻ പാർട്ണർ വാൽമെറ്റ് എൻജിനീയേഴ്സ് എം ഡി സുബ്രഹ്മണ്യത്തെ ചടങ്ങിൽ ആദരിച്ചു.
12 കോടി രൂപ മുതൽമുടക്കിലാണ് പുതിയ ആറ് ടൺ ഹൈഡ്രോളിക് ഓപ്പൺ ഫോർജിംഗ് ഹാമർ നിർമിച്ചിട്ടുള്ളത്. നിലവിൽ 750 കിലോഗ്രാം വരെയുള്ള ഉത്പന്നങ്ങളാണ് എസ്. എഫ്. ഐ.എല്ലിൽ പുതിയ ഹൈഡ്രോളിക് ഫോർജിംഗ് ഹാമർ നിർമിച്ച് വിപണിയിലെത്തിക്കുന്നത്. പുതിയ ഹൈഡ്രോളിക് ഓപ്പൺ ഫോർജിംഗ് ഹാമർ പ്രവർത്തനമാരംഭിക്കുന്നതോടെ 3000 കിലോഗ്രാം വരെ ഭാരമുള്ള ഉത്പന്നങ്ങളുടെ നിർമാണം കമ്പനിക്ക് സാധ്യമാകും.
7700 ചതുരശ്ര അടി വിസ്തൃതിയിലാണ് കമ്പനിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് നിർമിക്കുന്നത്. 2.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ഓഫീസിന്റെ നിർമാണം 2026 ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
എസ്. ഐ.എഫ്.എൽ ചെയർമാൻ ഷെറീഫ് മരയ്ക്കാർ, ബി.പി.ടി. എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, എസ്. ഐ.എഫ്.എൽ ഡയറക്ടർമാരായ മേരി തോമസ്, ഷാജി സേനാ തിപൻ, ജനറൽ മാനേജർ പി.കെ. മൻസൂർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ, മുൻ എം.എൽ.എ എം.കെ. കണ്ണൻ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
- Log in to post comments