Skip to main content

മുളയം പണ്ടാരച്ചിറ ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു* 

 

 

 മുളയം പണ്ടാരച്ചിറ ചെക്ക് ഡാം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മണലി പുഴയ്ക്ക് കുറുകെ രണ്ടര മീറ്റർ നീളമുള്ള ചെക്ക് ഡാം വന്നപ്പോൾ ജലസേചനത്തിനും കുടിവെള്ളത്തിനും ഉള്ള ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് പരിഹരിക്കപ്പെടുന്നത് എന്ന് ഡാം ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു.

 

കാർഷിക, സാമൂഹിക സാമ്പത്തിക, വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് പണ്ടാരച്ചിറ ചെക്ക് ഡാം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഈ ചെക്ക് ഡാം നിർമ്മിച്ചതിലൂടെ മുളയം, കൂട്ടാല, അയ്യപ്പൻകാവ് തുടങ്ങിയ പ്രദേശങ്ങളിൽ കാർഷിക ജലസേചന ഗാർഹിക ആവശ്യങ്ങൾക്കായുള്ള ജലദൗർലഭ്യം പരിഹരിക്കപ്പെടും എന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

 

പിച്ചി അണക്കെട്ടിനു താഴെ 16 കിലോമിറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്ത് പുഴയിലെ ജലനിരപ്പ് വളരെ താഴ്ന്ന‌ നിലയിലാണുള്ളത്. ഈ പ്രദേശത്തെ ജനങ്ങളുടെ ഗാർഹിക, ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലെ ജലം പര്യാപ്‌തമല്ല. ഇതിന് പരിഹാരം കാണണമെന്നുള്ള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ്റെ നിർദ്ദേശപ്രകാരവും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും ആവശ്യപ്രകാരവുമാണ് ഈ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. 1.2 മീറ്റർ വീതിയിലുള്ള നാല് വെന്റ് വേകളോട് കൂടിയ കോൺക്രീറ്റ് ചെക്ക് ഡാമിനോടൊപ്പം ഇരുനിലകളിലായി മുകൾ ഭാഗത്തും താഴ്ഭാഗത്തും സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.

 

നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫ്രാൻസീന ഷാജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ : പി ആർ രജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. എൻ സീതാലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ അഭിലാഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ദിലീപ്കുമാർ, ബിന്നി, ജോയ് ആനിക്കാട്ട്, അമൽറാം, ജിനിത, ബിന്ദു, പ്രദീപ്, ജയൻ, ഇറിഗേഷൻ എ ഇ സിയാദ്, കരാറുകാർ അനിൽ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.

date