Skip to main content
..

 ഞാങ്കടവ് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്

നഗരമേഖലയിലെ കുടിവെള്ള ദൗര്‍ലഭ്യതയ്ക്ക്പരിഹാരമാകുന്ന ഞാങ്കടവ് കുടിവെള്ളപദ്ധതി അവസാനഘട്ടത്തില്‍. കൊല്ലം കോര്‍പ്പറേഷന്‍ നടപ്പാക്കുന്നപദ്ധതി 2026 മെയ് മാസം കമ്മീഷന്‍ ചെയ്യുന്നതോടെ 24 മണിക്കൂറും നഗരത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാകും. അമൃത് ഒന്നാം ഘട്ടം,  രണ്ടാംഘട്ടം,  കിഫ്ബി ഫണ്ടുകള്‍ ഉപയോഗിച്ച് 600 കോടി രൂപ ചിലവിലുള്ള പദ്ധതിയാണ് ഞാങ്കടവ്. അമൃത് ഒന്നാം ഘട്ടത്തില്‍ നിന്നും 104.42 കൂടിയും രണ്ടാംഘട്ടത്തില്‍ നിന്ന് 227.13 കോടിയും കിഫ്ബി ഫണ്ടില്‍ നിന്ന് 235 കോടിയുമാണ് ഭരണാനുമതിയായത്.

കടവൂര്‍, ശക്തികുളങ്ങര, ആശ്രാമം, കിളികൊല്ലൂര്‍, ആനന്ദവല്ലീശ്വരം, ജലഭവന്‍, വടക്കേവിള, ബിഷപ്പ് ജെറോം എന്നിവിടങ്ങളിലെ സംഭരണികളിലൂടെയാണ് ശാസ്താംകോട്ട കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിലവില്‍ നഗരത്തില്‍ വെള്ളം എത്തിക്കുന്നത്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണിച്ചിത്തോട്ടിലും വസൂരി ചിറയിലും പുതിയ ജലസംഭരണി നിര്‍മിച്ചു കഴിഞ്ഞു. ആനന്ദവല്ലീശ്വരത്തും ബിഷപ്പ് ജെറോം നഗറിലും നിലവിലുള്ളവ കൂടാതെ പുതിയ ജലസംഭരണിയുടെയും അഞ്ചാലുംമൂട്, മുണ്ടയ്ക്കല്‍, ഇരവിപുരം എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണിയുടെയും നിര്‍മാണം ഉടന്‍ തുടങ്ങും.

പുന്തലത്താഴത്തിനടുത്ത് വസൂരിചിറയിലെ ഏഴ് ഏക്കറിലാണ്പദ്ധതിക്കായി ജലശുചീകരണ പ്ലാന്റ്. കല്ലടയാറില്‍നിന്നും ജലം പ്രധാന പൈപ്പിലൂടെ 28 കിലോമീറ്റര്‍ അകലെയുള്ള വസൂരി ചിറയിലെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചതിന് ശേഷം പൈപ്പുകള്‍വഴി വിവിധ ഭാഗത്തെ ജലസംഭരണികളിലേക്കും അവയില്‍നിന്നും ചെറിയ പൈപ്പുകളിലേക്കും ഗാര്‍ഹികവിതരണ പൈപ്പുകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

കുണ്ടറ-പെരിനാട് പഞ്ചായത്ത് റോഡ് വഴിയുള്ള പൈപ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാകും. 2026 മെയ് മാസത്തോടെ പ്ലാന്റ് കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ആധുനിക രീതിയിലുള്ള സ്‌കോഡ പമ്പ് സെറ്റുകളാണ് വെള്ളം കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്നത്. (ഒരു മണിക്കൂറില്‍ ശുദ്ധീകരിച്ചതും ഒരു ദിവസം ശുദ്ധീകരിച്ചതുമായ ജലത്തിന്റെ അളവ്, ഗുണനിലവാരം തുടങ്ങി എല്ലാ വിവരങ്ങളും നല്‍കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ സിസ്റ്റം എന്ന സ്‌കോഡ.) ഇതിലൂടെ ജലശുദ്ധീകരണവും ജലവിതരണവും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാന്‍ കഴിയും.

ആനന്ദവല്ലീശ്വരത്ത് പുതിയ പ്ലാന്റ് നിര്‍മിച്ച് ജലം എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വാട്ടര്‍ അതോറിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. ഞാങ്കടവില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് 100 എം എല്‍ ഡി ശേഷിയുള്ള വസൂരി ചിറയിലെ ജലസംഭരണിയില്‍ എത്തിച്ച് ശുദ്ധീകരിച്ച് കോര്‍പ്പറേഷന്റെ വിവിധ ഭാഗത്തേക്ക് എത്തിക്കും. 40500 ഗാര്‍ഹിക കണക്ഷനും ഞാങ്കടവ് കുടിവെള്ള പദ്ധതി ഉറപ്പാക്കും. ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍നിന്നെത്തുന്ന ജലം ശേഖരിക്കുന്ന സംഭരണികളിലേക്കും പുതുതായി നിര്‍മിക്കാന്‍ പോകുന്ന ആറ് ജലസംഭരണികളിലേക്കും ജലശേഖരണം നടത്തിയാകും വസൂരിച്ചിറയിലെ പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കുക എന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എം.സി നാരായണന്‍ പറഞ്ഞു.
 

 

 

date