മേഖലാതല അവലോകന യോഗം വികസനത്തിന് ആക്കം കൂട്ടി മുൻഗണനാ പദ്ധതികൾ
സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതികളായ അതിദാരിദ്യ നിർമാർജ്ജനം, റോഡു പുനരുദ്ധാരണ പദ്ധതി, ലൈഫ് മിഷൻ, ഹരിത കേരളം, മാലിന്യമുക്തം നവകേരളം, ആർദ്രം മിഷൻ, വിദ്യാകിരണം, എന്നിവയിൽ ജില്ലയിൽ നടപ്പാക്കിയ പദ്ധതികളും അവയുടെ പുരോഗതിയും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന മേഖലാതല യോഗം അവലോകനം ചെയ്തു.
കണ്ണൂരിന്റെ അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ ഒന്നാമത്
അതിദാരിദ്യ നിർമാർജനം നൂറ് ശതമാനം പൂർത്തിയാക്കി ജില്ല. അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള ജില്ലയുടെ മികവാർന്ന പ്രവർത്തനങ്ങളെ മേഖലാതല അവലോകന യോഗത്തിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും പ്രശംസിച്ചു. അതിദരിദ്ര വിഭാഗത്തിൽ ജില്ലയിൽ ആകെ കണ്ടെത്തിയത് 3973 കുടുംബങ്ങളെയാണ്. അടിസ്ഥാന ജീവിത ആവശ്യങ്ങൾ ലഭിക്കാത്തവരെ കണ്ടെത്തി അവർക്ക് ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ ഉറപ്പാക്കിയാണ് അതിദാരിദ്ര്യ ലഘൂകരണം സാധ്യമാക്കിയത്. ജില്ലയിൽ പാർപ്പിടം മാത്രം ആവശ്യമുള്ള 392 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം ലഭ്യമാക്കിക്കഴിഞ്ഞു. വസ്തുവും വീടും ആവശ്യമുള്ള 121 കുടുംബങ്ങളെ കണ്ടെത്തി. ഇവർക്ക് വസ്തു ലഭ്യമാക്കുകയും പാർപ്പിടം ഒരുക്കി നൽകുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; 133 റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു. കണ്ണൂർ ജില്ലയിലെ 447 റോഡുകളിൽ 332 റോഡുകൾക്ക് സാങ്കേതികാനുമതിയായി. 203 റോഡുകളുടെ പ്രവൃത്തിക്ക് കരാർ നൽകുകയും 133 റോഡുകളുടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 30 ശതമാനം പ്രവൃത്തിയാണ് ആരംഭിച്ചത്. സംസ്ഥാനത്താകെ 1588 റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു. 2024-25 ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ 1000 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. എം.എൽ.എമാർ സമർപ്പിച്ച മുൻഗണനാടിസ്ഥാനത്തിലുള്ള പട്ടിക പ്രകാരം ആകെ 3,808 റോഡുകൾക്ക് തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.
വിദ്യാകിരണം: സ്‌കൂളുകളിൽ മഞ്ചാടി പദ്ധതി വ്യാപിപ്പിക്കും
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ 168 സ്‌കൂളുകളിലും മഞ്ചാടി പദ്ധതി ഈ വർഷം വ്യാപിപ്പിക്കുമെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചു. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി വഴി നടപ്പാക്കുന്ന ജൈവമാലിന്യ സംസ്‌കരണ സംവിധാനം ജില്ലയിലെ 100 ശതമാനം സ്‌കൂളുകളും കൈവരിച്ചു. അജൈവമാലിന്യ പരിപാലന സംവിധാനവും ജില്ലയിൽ പൂർത്തീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല- ബ്ലാക്ക്- സ്‌കൂൾതല യോഗങ്ങളും സമിതികളും ജില്ലയിൽ പൂർത്തീകരിച്ചു. കിഫ്ബി പദ്ധതിവഴി ജില്ലയിലെ 60 ശതമാനം സ്‌കൂളുകളിൽ ഭൗതിക വികസനം പൂർത്തീകരിച്ചതായും സെക്രട്ടറി അറിയിച്ചു.
ലൈഫിൽ സെപ്റ്റംബറോടെ 86 ശതമാനം വീടുകൾ പൂർത്തിയാകും
ലൈഫ് മിഷന്റെ പദ്ധതിയിൽ പട്ടികയിലെ അർഹരായ 8,94,684 ഗുണഭോക്താക്കളിൽ 5,82,172 (65 ശതമാനം) പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടു. 2017 മുതൽ 2025 ജൂൺ 25വരെ കരാറിൽ ഏർപ്പെട്ടതിൽ 4,57,055 (79 ശതമാനം) വീടുകളുടെ നിർമ്മാണം പൂർത്തിയായി. 1,25,117 വീടുകൾ നിർമാണത്തിലാണ്. 2025 ജൂൺ 25 വരെ നിലവിൽ കണ്ണൂർ ജില്ലയിൽ 35,031 പേർ അർഹരായിട്ടുണ്ട്. 25,368 പേർ ആകെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 24,233 വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 21,351 (84.17 ശതമാനം) വീടുകൾ പൂർത്തിയായിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ ജൂലൈ മാസത്തിൽ 21,492 (84.72 ശതമാനം), ആഗസ്റ്റിൽ 21,627 (85.25 ശതമാനം), സെപ്റ്റംബറിൽ 21,915(86.39 ശതമാനം) കൈവരിക്കാൻ സാധിക്കും.
മനസ്സോടിത്തിരിമണ്ണ് ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഓഫർ ലെറ്റർ ലഭിച്ചത് 415 സെന്റും രജിസ്റ്റർ ചെയ്തത് 176 സെന്റും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളത് 239 സെന്റും ആണ്.
മാലിന്യമുക്ത നവകേരള ക്യാമ്പയിൻ: ഒന്നാമതായി കണ്ണൂർ ജില്ല
മാലിന്യ മുക്ത നവകേരളം പദ്ധതിയിലെ 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 27 ഓളം നൂതന ആശയങ്ങൾ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ജില്ലയാണ് കണ്ണൂർ. മാലിന്യമുക്തം നവകേരള ക്യാമ്പയിൻ പൂർത്തീകരണത്തിൽ ഒന്നാം സ്ഥാനവും കണ്ണൂർ ജില്ലയ്ക്കാണ്. വാതിൽപടി ശേഖരണത്തിൽ 99 ശതമാനവും, യൂസർ ഫീ ശേഖരണത്തിൽ 95 ശതമാനവും നേട്ടം കൈവരിച്ചു. ജില്ലയിൽ പബ്ലിക് ബിന്നുകൾ ഇല്ലാത്ത 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിന്നുകൾ സ്ഥാപിച്ച് 100 ശതമാനം വിജയം കൈവരിച്ചു. പ്രവർത്തനക്ഷമം അല്ലാത്ത കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിൽ സെപ്റ്റംബറിൽ 100 ശതമാനവും പൂർത്തിയായി. വലിയ മാലിന്യ കൂനകൾ ഏറ്റെടുത്ത പദ്ധതികൾ സെപ്റ്റംബറിൽ 70 ശതമാനം പൂർത്തീകരിക്കും. ആറ് സാനിറ്ററി വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റുകൾ, മൂന്ന് എഫ് എസ് ടി പി, ഒൻപത് എസ്ടിപി, ഒരു ഭൂഗർഭ എസ്ടിപി, ഒരു എംടിയു എന്നിവയാണ് നിലവിൽ ജില്ലയിൽ മുൻഗണനയുള്ള പദ്ധതികൾ. നിലവിൽ സാനിറ്ററി ലാൻഡ് ഫില്ലിംഗിനായി കെഎസ്ഡബ്ല്യൂ എം പി മുഖാന്തരം 36 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവായിട്ടുണ്ട്.
ആർദ്രം-ആരോഗ്യമേഖലയിൽ ജില്ല സമഗ്ര മുന്നേറ്റത്തിന്റെ പാതയിൽ
കേരളത്തിന്റെ സമഗ്രാരോഗ്യ മുന്നേറ്റത്തിന്റെ പാതയിൽ കുതിക്കുകയാണ് കണ്ണൂരും. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിൽ 82 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ 53 എണ്ണത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജൂലൈ മാസത്തിൽ 55 എണ്ണവും ആഗസ്റ്റ് മാസത്തിൽ 56 എണ്ണവും പൂർത്തിയാവും. ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 14 സ്ഥാപനങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഗസ്റ്റ് മാസത്തോടെ 43 ശതമാനം പൂർത്തിയാകും. നവീകരണ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്ത അഞ്ച് പ്രധാനപ്പെട്ട ആശുപത്രികളിൽ മൂന്നെണ്ണം പൂർത്തിയായിട്ടുണ്ട്.
ആയുഷ് വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഓഗസ്റ്റ് മാസത്തോടെ നിർണ്ണയ ലാബ് നെറ്റുവർക്കിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ സാധിക്കും. കണ്ണൂർ ജില്ലയിൽ ആകെ 89 സ്ഥാപനങ്ങളിൽ ഹബ് ആൻഡ് സ്പോക്ക് ശൃംഖല സജ്ജമായ ലാബുകളുടെ എണ്ണം 81 ആണ്. ജൂലൈ മാസത്തിൽ 88 എണ്ണവും ആഗസ്റ്റ് മാസത്തിൽ 89 എണ്ണവും പൂർത്തിയാക്കും.
കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലായി ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിനായി തെരഞ്ഞെടുത്ത രണ്ട് ആശുപത്രികളിലും പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹെൽത്തി ലൈഫ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 417 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ 3552 ക്ഷേമ സമിതി യോഗങ്ങൾ ചേർന്നു. 7257 വെൽനെസ് സെഷനുകളും ചേർന്നു. വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 30 വയസ്സിന് മുകളിലുള്ളവരിൽ ഒന്നാം ഘട്ടത്തിൽ 88 ശതമാനം പേരുടെയും രണ്ടാംഘട്ടത്തിൽ 80ശതമാനം പേരുടെയും പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞു.
അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധനകൾക്കായി ജില്ലയിൽ ഒരുക്കിയ 276 സ്‌ക്രീനിംഗ് ക്യാമ്പുകളിലെ 9654 പേർക്ക് പരിശോധന നടത്തി. പാലിയേറ്റീവ് കെയർ സംവിധാനത്തിലൂടെ പ്രാഥമിക തലത്തിൽ 9316 കിടപ്പ് രോഗികൾക്കും ദ്വിതീയ തലത്തിൽ 1292 കിടപ്പ് രോഗികൾക്കും സേവനം ലഭിക്കുന്നു. ക്യാൻസർ കെയർ പദ്ധതിയിലൂടെ ജില്ലയിൽ 2023 -24 വർഷത്തിൽ 5421 പേർക്കും2024- 25 വർഷത്തിൽ 3725 പേർക്കും സൗജന്യ ചികിത്സ ലഭ്യമായിട്ടുണ്ട്. ജില്ലയിൽ 1,10,106 പേർ ക്യാൻസർ സ്‌ക്രീനിങ്ങിന് വിധേയമായിട്ടുണ്ട്. പാലിയേറ്റീവ് കെയർ യൂണിറ്റുകളെ സംയോജിപ്പിച്ചു കൊണ്ടുള്ള പാലിയേറ്റിവ് കെയർ ഗ്രിഡ് പ്രവർത്തന സജ്ജമാണ്. എട്ട് മെഡിക്കൽ കോളേജുകളിലും റീജണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും പാലിയേറ്റിവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഭാരതീയ ചികിൽസാ വകുപ്പിന്റെ കീഴിൽ 44 ദ്വീതിയ പാലിയേറ്റീവ് കെയർ യൂണിറ്റുകളും ഹോമിയോ വകുപ്പിന്റെ കീഴിൽ 18 ദ്വീതിയ പാലിയേറ്റിവ് കെയർ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ജില്ലയിൽ 86 പ്രൈമറി പാലിയേറ്റീവ് പരിചരണ യൂണിറ്റ് ഉണ്ട്. 9316 കിടപ്പ് രോഗികൾക്ക് സേവനം ലഭ്യമാകുന്നുണ്ട്. സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റുകൾ ജില്ലയിൽ 15 യൂണിറ്റുകളിൽ 1292 കിടപ്പുരോഗികൾക്ക് സേവനം ലഭ്യമാകുന്നുണ്ട്.
ഹരിത കേരളം: ജൂലൈയിൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ജലബജറ്റ്
ഹരിത കേരളം മിഷന്റെ ഭാഗമായി 2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ആരംഭിച്ച ഒരു തൈ നടാം എന്ന ഒരു കോടി തൈ നടുന്ന ജനകീയ ക്യാമ്പയിനിന്റ ഭാഗമായി ജില്ലയിൽ 20,709 ഇടങ്ങളിൽ 34,893 തൈകൾ നട്ടു പിടിപ്പിച്ചു. ഇതിൽ 2738 പൊതു ഇടങ്ങളിൽ 13583 തൈകൾ നട്ടു. 92,991 തൈകൾ ജനകീയമായും ശേഖരിച്ചു. സംസ്ഥാനത്ത് നിലവിൽ 3,93,192 ഇടങ്ങളിൽ 7,27,355 തൈകൾ നട്ടു.
പശ്ചിമഘട്ട നീർച്ചാലുകളുടെ ശാസ്ത്രീയ മാപ്പിങ്ങിൽ ജില്ലയിൽ 18 ഗ്രാമ പഞ്ചായത്തുകളുടേത് പൂർത്തീകരിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജലബജറ്റ് ജൂലൈയോടെ പൂർത്തീകരിക്കും. ജില്ലയിൽ നിലവിൽ 21 ജല ഗുണനിലവാര നിർണയ ലാബുകളിൽ നിന്നായ് 2,225 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഒരു പാറക്വാറിയിൽ റീചാർജ് പ്രവർത്തനം നടക്കുന്നുണ്ട്. പച്ചത്തുരുത്ത് പദ്ധതിയിൽ ജില്ലയിൽ 235 പച്ചത്തുരുത്തുകൾ 315.86 ഏക്കർ ഭൂമിയിലായി സ്ഥാപിച്ചിട്ടുണ്ട്. 425 പച്ചത്തുരുത്തുകളാണ് ലക്ഷ്യമിടുന്നത്. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലയിൽ നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ നടക്കുന്നത്. തലശ്ശേരി എൻജിനീയറിങ്ങ് കോളേജാണ് കാർബൺ നെഗറ്റീവ് സ്റ്റാറ്റസ് കൈവരിച്ച ഏക സ്ഥാപനം. സംസ്ഥാനത്ത് ആകെ 341 ഹരിത ടൂറിസം കേന്ദ്രങ്ങളും 3,905 ഹരിത ടൗണുകളുമാണുള്ളത്. അതിൽ ജില്ലയിൽ 34 ഹരിത ടൂറിസം കേന്ദ്രങ്ങളും 369 ഹരിത ടൗണുകളുമുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിലെ ഹരിതസ്പർശം, കാനാമ്പുഴ നീർത്തട പദ്ധതി, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പാനുണ്ടകുളം പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തി നീന്തൽ പഠനകേന്ദ്രവും ടൂറിസം കേന്ദ്രവുമാക്കി, പാഷൻ ഫ്രൂട്ട് വാലി ചെയിൻ എന്ന ശാസ്ത്രീയമായ പാഷൻ ഫ്രൂട്ട് കൃഷി എന്നിവയാണ് ജില്ലയിലെ ഹരിത കേരളം മിഷന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ.
- Log in to post comments