രണ്ട് കോടി രൂപയ്ക്ക് പുതിയ കെട്ടിടവും ലാബും: നവീകരിച്ച ചേലക്കര എസ് എം ടി സ്കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു
ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിൻ്റെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം.പി നിർവഹിച്ചു.
ഭൗതിക സാഹചര്യങ്ങളുടെ വളർച്ചയ്ക്ക് ഒപ്പം കുട്ടികളുടെ ലഹരി ഉപയോഗം അടക്കമുള്ള കാര്യങ്ങൾ തടയുന്നതിന് നടപടി വേണമെന്നും സാമൂഹിക ഉത്തരവാദിത്തമുള്ളവരായി കുട്ടികളെ വളർത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ടുള്ള നേട്ടങ്ങൾ സമൂഹത്തിന് ഗുണമുള്ളതായി മാറില്ലെന്നും കെ രാധാകൃഷ്ണൻ എം.പി പറഞ്ഞു
പൊതുവിദ്യാഭ്യാസ വകുപ്പ് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയ്ക്കാണ് പുതിയ കെട്ടിടം നിർമിച്ചത്. കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ ഫണ്ട് വഴി 12.5 ലക്ഷം രൂപ ചെലവിലാണ് കമ്പ്യൂട്ടർ ലാബിൻ്റെ നവീകരണം
പൂർത്തിയാക്കിയത്.
'കലോത്സവത്തിന് ഒരൂണ്' പദ്ധതി വഴി പുതിയ സ്റ്റേജ് നിർമാണവും പുരോഗമിക്കുകയാണ്.
2025-ൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ് - യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് ചടങ്ങിൽ അധ്യക്ഷനായി. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാൻ്റോ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ പത്മജ, ജില്ലാ പഞ്ചായത്തംഗം കെ.ആർ മായ, കെ.എസ്.എഫ്.ഇ ഫിനാൻസ് ജനറൽ മാനേജർ ശരത് ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അരുൺ കാളിയത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എച്ച് ഷെലീൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിത ബിനീഷ്, ചേലക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജാനകി, എല്ലിശേരി വിശ്വനാഥൻ, കെ കെ ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ഗോപാലകൃഷ്ണൻ, പി.എം ജാഫർമോൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീജ കുനിയിൽ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എൻ സുനിത, ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം.ജെ ബിജി, ഹെഡ്മിസ്ട്രസ് ടി ഫാത്തിമ സുഹറ, എസ്.എം.സി. ചെയർപേഴസൺ എ.ജി രാജൻ, എം.പി.ടി.എ പ്രസിഡൻ്റ് സുമ അയ്യപ്പൻ, വിദ്യാർത്ഥി പ്രതിനിധി എം.കെ അനാമിക, പി.ടി.എ പ്രസിഡൻ്റ് എ.വി മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments