Skip to main content

പാലക്കാടൻ തനിമ പ്രതിഫലിപ്പിക്കുന്ന പുസ്തകങ്ങളുടെ പ്രദർശനം 19 മുതൽ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിര്‍വഹിക്കും

 

ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ ജൂൺ 19ന് രാവിലെ 11ന് പുതുപ്പരിയാരത്തുള്ള ‘മധുരം ഗായതി പാലക്കാടന്‍ പുസ്തക കലവറ’യിൽ നിർവഹിക്കും. ഇതിന്റെ ഭാഗമായി പാലക്കാടൻ തനിമ പ്രതിഫലിപ്പിക്കുന്ന 1000 ത്തോളം പുസ്തകങ്ങളുടെ പ്രദർശനം ജൂൺ 19, 20 തീയതികളിൽ തുടർച്ചയായും ജൂലൈ ഏഴ് വരെ തിരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളിലും നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശനം.  
പാലക്കാടിന്റെ വ്യത്യസ്തമായ ജീവിത പരിസരങ്ങൾ അടയാളപ്പെടുന്ന നാലുകെട്ട്, തലമുറകൾ, നങ്ങ്യേമക്കുട്ടി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, ശേഷക്രിയ, ശവുണ്ടി, ഒടിയൻ, തൂമങ്ങൾ, പറയിപെറ്റ പന്തിരുകുലം, കൗണ്ടൻ കളം തുടങ്ങി മുപ്പത് സർഗാത്മക പുസ്തകങ്ങളും, പ്രധാന പാലക്കാടൻ കഥാസന്ദർഭങ്ങളുള്ള പുസ്തകങ്ങളും പാലക്കാടിനെ അറിയാൻ കഴിയുന്ന ജീവചരിത്രങ്ങളും ഉൾപ്പെട്ട പുസ്തക ശേഖരണങ്ങൾ പ്രദർശനത്തിലുണ്ട്. പ്രവേശനം സൗജന്യമാണ്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനാകുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും. ഒ.വി വിജയൻ സ്മാരക സമിതി അംഗം രാജേഷ് മേനോൻ ആമുഖപ്രഭാഷണം നടത്തും. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു, പുതുപ്പരിയാരം പതിനാറാം വാർഡ് മെമ്പർ ചെല്ലമ്മ ടീച്ചർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കാഞ്ചന, വിദ്യാഭ്യാസ ഉപഡയറക്ടർ ടി. എം സലീന ബീവി, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ മോഹനൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് എം.എൽ കോമളം, ക്യാൻഫെഡ് ജില്ലാ ചെയർമാൻ പി.എൻ നാരായണൻ, നാടന്‍ പാട്ട് കലാകാരന്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരി എന്നിവർ പങ്കെടുക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ എം.പി അബ്ദുറഹ്മാൻ ഹനീഫ് നന്ദിയും പറയും. വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഏഴ് വരെ ജില്ലയില്‍ വിവിധ പരിപാടികൾ നടക്കും.

date