നെന്മാറ ബ്ലോക്കില്‍ വ്യക്ഷവത്ക്കരണ കാംപയിന്‍ ആരംഭിക്കുന്നു
ഹരിതകേരളം മിഷന്‍ നെന്മാറ ബ്ലോക്കില്‍ വൃക്ഷവത്ക്കരണ ക്യാമ്പയിന്‍ ആരംഭിക്കുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ആറു മാസക്കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ക്യാമ്പയ്‌നാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ -സ്വകാര്യ സ്‌കൂളുകളിലെ പ്രൈമറി ക്ലാസ്സു മുതല്‍ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. കൂടാതെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കും.
തൈകളുടെ ഉത്പാദനം, കൈമാറ്റം, നടീല്‍ പ്രവര്‍ത്തനങ്ങള്‍, പരിപാലനം, തുടര്‍ സംരക്ഷണം, വളര്‍ച്ച വിലയിരുത്തല്‍ എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്. ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍, ഏജന്‍സികള്‍, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, ഹരിത കര്‍മ്മ സേന, കൃഷിഭവന്‍, ഗവേഷണ സ്ഥാപനങ്ങള്‍, ജൈവവൈവിധ്യ പരിപാലന സമിതി, സന്നദ്ധ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ ഏകോപനത്തിലാണ് കാംപയിന്‍ നടത്തുന്നത്.
കാംപയിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥി ചുരുങ്ങിയത് അഞ്ചു തൈകള്‍ എങ്കിലും നടണം. തൈകള്‍ നടുന്നതിനായി സ്‌കൂള്‍ പരിസരമോ സ്വന്തം വീടുകളോ ബന്ധുവീടുകളോ ലഭ്യമാകുന്ന മറ്റു സ്ഥലങ്ങളോ തിരഞ്ഞെടുക്കാം. ചങ്ങാതിക്ക് ഒരു തൈ എന്ന രീതിയില്‍ വീടുകളില്‍ അധികമുള്ള തൈകള്‍ മറ്റു കുട്ടികള്‍ക്ക് കൈമാറാവുന്നതാണ്. തൈകളുടെ വളര്‍ച്ച വിലയിരുത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ ഡയറി /നോട്ടുബുക്ക് എന്നിവ സൂക്ഷിക്കണം. കീടനാശിനി പ്രയോഗങ്ങള്‍ വേണ്ട സന്ദര്‍ഭത്തില്‍ കൃഷി ഓഫീസറുടെയോ അധ്യാപകരുടെയോ നിര്‍ദ്ദേശം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാം. ഹരിതകേരളം റിസോഴ്‌സ് പേഴ്‌സന്റെ ചുമതലയില്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ സൂക്ഷിക്കുന്നതും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതുമാണ്. ഇതോടൊപ്പം കാലാവധി കഴിഞ്ഞ് വിരമിക്കുന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരുടെയും സംഭാവനയായി 'ഓര്‍മ്മ മരം' എന്ന പേരില്‍ ഒരു വൃക്ഷവത്ക്കരണ കാംപയിനും നടപ്പിലാക്കും. കാംപയിനിന്റെ ഭാഗമായി പഞ്ചാായത്തുകളിലും നഗരസഭകളിലും പച്ചത്തുരുത്തുകളുടെ പരിപാലനവും ഊര്‍ജ്ജിതമാക്കും.
- Log in to post comments