Skip to main content

കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല നടത്തി

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ 2024-25 അധ്യയന വര്‍ഷം  എസ്.എസ്.എല്‍.സി വിജയിച്ച കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്‍പശാല നടത്തി. അഗളി കില കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.എസ് മനോജ് ഉദ്ഘാടനം ചെയ്തു.  

തദ്ദേശീയ മേഖലയിലെ വിദ്യാര്‍ത്ഥികളും ഉപരിപഠനവും എന്ന വിഷയത്തില്‍ അട്ടപ്പാടി സീനിയര്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ.എസ് ശാന്താമണി, പ്ലസ് വണ്‍ ഏകജാലക സംവിധാനം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ അഗളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കണോമിക്‌സ് അധ്യാപകനായ റോബിന്‍സ് കെ തോമസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍, എസ്.എസ്.എല്‍.സി ക്ക് ശേഷം ഉപരിപഠന സാധ്യതകള്‍ എന്ന വിഷയത്തില്‍ അട്ടപ്പാടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഷാഹുല്‍ ഹമീദ്, തദ്ദേശീയ മേഖലയില്‍ നിന്നും സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് എന്ന വിഷയത്തില്‍ ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി തുടങ്ങിയവര്‍ ക്ലാസെടുത്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയിലെ ആനിമേറ്റര്‍മാരെ ഉപയോഗിച്ച് ഉന്നതികളിലെ എല്ലാ പത്താം തരം പാസായ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി പ്ലസ് വണ്‍ അഡ്മിഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നുണ്ട് എന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്‍ പറഞ്ഞു. പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍, ഗ്രാമ പഞ്ചായത്ത് സമിതി സെക്രട്ടറിമാരായ ശാന്തി, പ്രജ നാരായണന്‍, കുറുമ്പി എന്നിവരും നൂറോളം കുട്ടികളും പങ്കെടുത്തു.

date