Skip to main content

കൂമന്‍തോട് പാലത്തിനും റോഡിനും കരുത്തേകാന്‍ കൂറ്റന്‍ ഗാബിയോണ്‍ പാര്‍ശ്വഭിത്തി

 

തൃത്താല നിയോജകമണ്ഡലത്തിലെ തൃത്താല- പട്ടാമ്പി റോഡിന് സമീപമുള്ള കൂമന്‍തോട് പാലത്തിനും റോഡിനും കരുത്തേകാന്‍ പാര്‍ശ്വഭിത്തിയൊരുങ്ങി. തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരം ആധുനിക ഗാബിയോണ്‍ രീതി അവലംബിച്ചാണ് കുമന്‍തോട് പാലത്തെയും റോഡിനേയും സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കിയത്. കിഫ്ബി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

സിങ്കും പിവിസിയും കോട്ട് ചെയ്ത ഇരുമ്പ് വലകളാണ്  ഗാബിയോണ്‍ ബാസ്‌കറ്റ്‌റുകള്‍. ഈ ഗാബിയോണ്‍ ബാസ്‌കറ്റുകളില്‍ കരിങ്കല്ലുകള്‍ അടുക്കിയാണ് പാലത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നത്. ഉയര്‍ന്ന വായുസഞ്ചാരത്തെയും വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതയും കുറയ്ക്കുന്ന ഇത് പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്. സിമെന്റോ കമ്പിയോ ആവശ്യവുമില്ല എന്നതും പ്രത്യേകതയാണ്.  ഉരുള്‍പ്പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ അവലംബിക്കുന്ന രീതി കൂടിയാണിത്. കെ.ഡി.എസ് എഞ്ചിനിയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്കാണ് നിര്‍മ്മാണ ചുമതല.

 

2018 ലെ പ്രളയത്തിലാണ് കൂമന്‍തോട് പാലത്തിനു സമീപമുള്ള റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞ് പാലം ഉപയോഗ ശൂന്യമായത്. തുടര്‍ന്ന് മന്ത്രി എം.ബി രാജേഷിന്റെ ഇടപെടലിലൂടെ പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിക്കുയായിരുന്നു.

 

റോഡിന്റെ പാര്‍ശ്വഭിത്തിയുടെ അടിത്തറയില്‍ ബലക്ഷയം സംഭവിക്കാതിരിക്കാന്‍  15 അടിയിലധികം വീതിയില്‍ ഫൗണ്ടേഷന്‍ പ്രവൃത്തി നടത്തിയിട്ടുണ്ട്. എട്ട് മീറ്റര്‍ ഉയരത്തിലും 39 മീറ്റര്‍ നീളത്തിലുമായി പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. നിലവില്‍ ഒരു വശത്തേക്കുള്ള ഗതാഗതം തുറന്ന് നല്‍കിയിട്ടുണ്ട്. റോഡിന്റെ ടാറിങ്ങ് നാല് മാസം കൊണ്ട് പൂര്‍ത്തീകരിച്ച് പൊതു ജനങ്ങള്‍ക്ക് റോഡ് പൂര്‍ണ്ണമായും ഉപയോഗ പ്രദമാക്കാന്‍ കഴിയും.

 

date