കാര്‍ഷിക വികസന സമിതി യോഗം ചേര്‍ന്നു
ജില്ലാ കാര്‍ഷിക വികസന സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. വന്യജീവി ശല്യം രൂക്ഷമായ സാഹചര്യം യോഗത്തില്‍ പ്രധാന ചര്‍ച്ചയായി. വന്യജീവി സംരക്ഷണം പോലെ തന്നെ പ്രാധാന്യം നല്‍കേണ്ട വിഷയമാണ് കര്‍ഷകന് സ്വന്തം കൃഷി സംരക്ഷിക്കാനുള്ള അവകാശവുമെന്ന് യോഗത്തില്‍ പറഞ്ഞു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താന്‍ കര്‍ഷകന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാക്കണമെന്ന് യോഗം പ്രമേയം പാസാക്കി. നെല്‍വിത്ത് ഉല്‍പാദിപ്പിക്കുന്ന ജില്ലയില്‍ ഒരു വിത്ത് പരിശോധന ലാബ് അത്യാവശ്യമാണെന്നും എരുത്തേമ്പതി ഫാമിലുള്ള അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളായ സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം, കൃഷി സമൃദ്ധി, പോഷക സമൃദ്ധി, കേര പദ്ധതി, വിള ഇന്‍ഷൂറന്‍സ് എന്നിവയും ചര്‍ച്ച ചെയ്തു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍. ഷീല, വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കര്‍ഷക പ്രതിനിധികള്‍, കര്‍ഷക തൊഴിലാളി സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രൊജക്ട് ഡയറക്ടര്‍ ആത്മ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments