Skip to main content

ദേശീയ പുകയില നിയന്ത്രണ പരിപാടി: ഏകോപന യോഗംചേർന്നു

ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിക്കുന്ന ക്യാംപയിനിന്റെ ഭാഗമായുള്ള ജില്ലാതല ഏകോപന യോഗം ജില്ലാ ആശുപത്രിയിയിലെ ഐ.പി.പി ഹാളില്‍ ചേര്‍ന്നു. ലോക പുകയില രഹിത ദിനം ജില്ലാതല ഉദ്ഘാടനത്തിന്റെയും ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിപാടികളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. പുകയിലക്കെതിരെ ബോധവത്ക്കരണം , പുകയില നിയന്ത്രണനിയമം 2003 നടപ്പാക്കൽ, വദനാർബുദ സ്ക്രീനിങ്ങ്, വൻകുടൽ അർബുദ ബോധവത്ക്കരണം, പുകയില രഹിത വിദ്യാലയങ്ങളെ പ്രഖ്യാപിക്കല്‍ തുടങ്ങിയവയാണ് ക്യാംപയിനിന്റെ ഭാഗമായി നടക്കുക.
വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടു നടന്ന യോഗത്തില്‍ എ ഡി എം കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.  മെയ് 31 മുതൽ ജൂൺ 26 വരെ നീളുന്ന ‘ആരോഗ്യം ആനന്ദം’ കാൻസർ പ്രതിരോധ ക്യാംപയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വദനാർബുദം, ശ്വാസകോശാർബുദം, വൻകുടൽ അർബുദം എന്നിവയ്ക്കായുള്ള സ്ക്രീനിങ്ങ് ക്യാമ്പുകൾ ജില്ലയില്‍ സംഘടിപ്പിക്കും.  വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തുകളും പുകയിലമുക്തമാക്കാനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ‍ഡോ. കെ.ആര്‍ വിദ്യ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date