Skip to main content
..

‘ക്ഷീരധാര'യിലൂടെ ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത് ‘പാല്‍നിറവില്‍’

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ സമീകൃത പോഷകമൂല്യം ‘പാലായി‘ തെളിയുന്ന കാലമാണിത്. ക്ഷീരകര്‍ഷകരുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനും ജീവിതനിലവാരം ഉയര്‍ത്താനും 'ക്ഷീരധാര' പദ്ധതി നടപ്പിലാക്കിയാണ് നേട്ടത്തിലേക്കെത്തിയത്. തൊഴിലുറപ്പ്പദ്ധതിയുടെ വിജയത്തിനുള്ള കളമൊരുക്കലായും പദ്ധതിമാറി. അഞ്ചു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനവും 18നും 60 വയസിനും ഇടയില്‍ പ്രായമുള്ള ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ക്ഷീരകര്‍ഷകര്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിവഴി ലഭിച്ച കാര്‍ഷികഉപകരണങ്ങളുടേയും അനുബന്ധ സംവിധാനങ്ങളുടെയും ഗുണഭോക്താവായാല്‍ കറവ പശുക്കളെ വാങ്ങുമ്പോള്‍ ക്ഷീരധാരപദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡി ലഭ്യമാക്കിയാണ് ഇരുപദ്ധതികളുടേയും മികവിന് വഴിയൊരുക്കിയത്.
ബ്ലോക്ക്പരിധിക്ക് പുറത്തുനിന്നും 60,000 രൂപ വിലയുള്ള കറവ പശുവിനെ വാങ്ങുമ്പോള്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 30,000 രൂപയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 45,000 രൂപയും സബ്‌സിഡി ലഭിക്കും. ബാങ്ക് വായ്പ വഴി പശുക്കളെ വാങ്ങുന്ന കര്‍ഷകര്‍ക്ക് മാത്രമാണ് സബ്‌സിഡി. സങ്കരയിനം പശുക്കളെ വാങ്ങുന്നവര്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. പഞ്ചായത്ത് ഗ്രാമസഭമുഖേന തിരഞ്ഞെടുക്കപ്പെട്ട 28 വനിതകള്‍ക്കും, പട്ടികജാതി വിഭാഗത്തിലെ 14 കര്‍ഷകര്‍ക്കും ആനുകൂല്യം ലഭിക്കും.
ബ്ലോക്ക് പരിധിക്കുള്ളില്‍ പാലുല്‍പ്പാദനം വര്‍ധിപ്പിക്കുക, വനിതകളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജനകീയമാക്കുക എന്നിവയാണ് സാധ്യമാക്കുന്നത്. കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ സാമ്പത്തികസഹായം, അസോള ടാങ്ക് നിര്‍മാണം, തീറ്റപുല്‍കൃഷി എന്നിവയിലൂടെ തീറ്റചിലവ് കുറയ്ക്കാനുമാകുന്നു. മാലിന്യസംസ്‌കരണം സുഗമമാക്കാന്‍ ചാണകക്കുഴി നിര്‍മാണവും നടപ്പാക്കുന്നു. സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷംതോറും നടപ്പിലാക്കുന്ന പാല്‍വില സബ്‌സിഡി, കാലിത്തീറ്റ സബ്‌സിഡി, വൈക്കോല്‍ സബ്‌സിഡി എന്നിവയ്ക്ക് പുറമെയാണ് ബ്ലോക്ക്പഞ്ചായത്ത് ക്ഷീരധാര പദ്ധതിവഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷം ജനറല്‍ വിഭാഗത്തിന് 8,40,000 രൂപയും, പട്ടികജാതി വിഭാഗത്തിനു 6,30,000 രൂപയും പദ്ധതിനടത്തിപ്പിലേക്ക് വകയിരുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ ക്ഷേമവും സാമ്പത്തിക ഉന്നമനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ വ്യക്തമാക്കി.

date