Skip to main content

ജനോപകാരപ്രദമായ രീതിയിൽ ഹരിതോർജ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

പരിസ്ഥിതി സൗഹൃദവും ജനോപകാരപ്രദവുമായ ഹരിതോർജ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. അനെർട്ടിന്റെ നൂതന ഹരിതോർജ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2016 ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗുംവ്യവസായ മേഖലയിൽ പവർക്കെട്ടും നിലവുണ്ടായിരുന്നു. എന്നാൽ, 9 വർഷത്തെ ഇടതു മുന്നണി ഭരണകാലത്ത് വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചുംപ്രസരണ മേഖലയിൽ മുടങ്ങി കിടന്ന പദ്ധതികൾ പോലും പൂർത്തീകരിച്ച് സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി വർധിപ്പിച്ചും പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതെ എല്ലാവർക്കും വൈദ്യുതി എത്തിച്ചുകൊണ്ടുള്ള ഒരു നവകേരളം സൃഷ്ടിക്കുകയാണ്.

പുനരുപയോഗ ഊർജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചതോടെ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിൽ ഒന്നായ സൗര പുരപ്പുറ സോളാർ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ നമുക്കായി. ഇപ്പോൾ രാജ്യത്തിന് തന്നെ മാതൃകയായി പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിൽ നാളിതുവരെ 1576 മെഗാവാട്ട് കൈവരിക്കാൻ കഴിഞ്ഞു. 2016-ൽ സൗരോർജത്തിൽ നിന്നും ആകെ സ്ഥാപിതശേഷി 16.49 മെഗാവാട്ട് മാത്രം ആയിരുന്നു.

സംസ്ഥാനത്തെ കർഷകർക്ക് മാത്രമല്ലആദിവാസി ഗോത്ര വിഭാഗക്കാർക്കും ഉപകാരപ്പെടുന്ന നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. പുരപ്പുറ സൗരോർജ പദ്ധതിപാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക്  കൂടി സൗജന്യമായി നൽകുന്നു. ഇത്തരം ജനോപകാരമായ പദ്ധതികൾക്ക് പുറമേ സാങ്കേതികമായും വൈദ്യുതി മേഖലയെ രാജ്യത്തിനാകെ മാതൃകയാക്കുന്ന പ്രവർത്തനങ്ങളാണ് നാം നടപ്പിലാക്കി വരുന്നത്.

കർഷകർക്ക് അധിക വരുമാനം ഉറപ്പുവരുത്തുന്ന രീതിയിൽ പി എം കുസും പദ്ധതിയിലൂടെ കാർഷികപമ്പുകളുടെ സൗരോർജ്ജവത്കരണം നടത്തുന്നതിൽ നാം ഏറെ മുന്നിലെത്തിയിട്ടുണ്ട്. ഇതിനോടകം രണ്ടായിരത്തോളം കാർഷികപമ്പുകൾ സൗരോർജ്ജവത്കരിച്ചു കഴിഞ്ഞു.

5 ഏക്കറിൽ താഴെ കൃഷിഭൂമിയുള്ള സൗജന്യ വൈദ്യുതിക്ക് അർഹരായ കർഷകരുടെ പമ്പുകൾ സൗരോർജ്ജവത്കരിക്കുന്നതിനായി അനെർട്ട് മുഖാന്തിരം നബാർഡിൽ നിന്നും ലോണെടുത്ത് പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിൽ കർഷകന് യാതൊരു മുതൽമുടക്കും ഇല്ലെന്നു മാത്രമല്ലലോൺ അടവ് കാലാവധി കഴിയുന്ന മുറയ്ക്ക് ബാക്കിയുള്ള വർഷങ്ങളിൽ മിച്ച വൈദ്യുതിയുടെ വില കർഷകന് നേരിട്ട് ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഒരുലക്ഷം പമ്പുകളുടെ സൗരോർജ്ജവത്കരണത്തിന് കേന്ദ്ര അനുമതി ലഭ്യമായിട്ടുണ്ട്. കേരളത്തിലെ കോൾ നിലയങ്ങളിലുള്ള ഡി-വാട്ടറിങ്  പമ്പുകൾക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നതാണ്.

        സംസ്ഥാനത്തെ ദുർഘടമായ വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഗോത്ര മേഖലയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള സർക്കാർ നിർദേശമനുസരിച്ച് പരിശോധിച്ചതിൽവൈദ്യുതി ലഭ്യമല്ലാത്ത 102 ആദിവാസി ഗോത്ര ഉന്നതികൾ കണ്ടെത്തിയിരുന്നു.

വയനാട് ജില്ലയിലെ പട്ടിക വർഗ്ഗ വികസന വകുപ്പ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളതുമായ നഗറുകൾ ഒഴിവാക്കി കൊണ്ടു 43 നഗറുകളുടെ വൈദ്യുതീകരണം ഗ്രിഡ് മുഖേന KSEB വഴിയും 40 നഗറുകളുടെ വൈദ്യുതീകരണം സോളാർ വിൻഡ് ഹൈബ്രിഡ് മാർഗ്ഗങ്ങളിലൂടെ ഓഫ് ഗ്രിഡ് ആയി അനർട്ട് മുഖേനയും നടപ്പിലാക്കി വരുന്നു. ഈ വർഷം തന്നെ ഇവ പൂർത്തിയാക്കും.

അനർട്ട് മുഖേന നടപ്പിലാക്കുന്ന ഹരിത ഊർജ്ജ വരുമാന പദ്ധതിയിലൂടെപാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രതിവർഷം പതിനായിരം രൂപയോളം സ്ഥിരമായ ഒരു വരുമാനം ലഭ്യമാകുന്നു.

        ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച 715  വീടുകളിൽ കിലോവാട്ട് വീതം ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ച് സ്ഥാപിച്ചു.

പട്ടികജാതി വകുപ്പ് നിർമ്മിച്ച് നൽകിയ 305 വീടുകളിൽ 3 കിലോവാട്ട് വീതം ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ പട്ടിക ജാതി വകുപ്പിന്റെ ധന സഹായത്തോടെ സ്ഥാപിച്ചു. ലൈഫ് മിഷൻപുനർഗേഹം പദ്ധതി വഴിയുള്ള 500 ഓളം വീടുകളിൽ കൂടി സോളാർ പാനൽ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ നടത്തിവരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിലും സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് രാജ്യത്തിന് തന്നെ മാതൃകയാകുകയാണ്.

കേരളത്തിൽ ഹൈഡ്രജൻ വാലി പദ്ധതി നടപ്പിലാക്കുന്നതിനായി അനർട്ടിന്റെ നേതൃത്വത്തിൽ 'ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ - കേരളഎന്ന പേരിൽ ഒരു പ്രത്യേക ഉദ്ദേശ്യ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ലക്ഷ്യമിടുന്നത് പ്രാദേശിക ഹൈഡ്രജൻ ആവാസവ്യവസ്ഥയെ വികസിപ്പിക്കുകയും സുസ്ഥിര ഊർജ്ജത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിന് വലിയ സംഭാവന നൽകുകയും ചെയ്യും. ഇത് പുതിയ സാമ്പത്തിക അവസരങ്ങൾക്ക് വഴിയൊരുക്കുകയും ഈ മേഖലയിലെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയും ചെയ്യും. ഏകദേശം 133 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

        എല്ലാ വിഭാഗം ഹൈ ടെൻഷൻ,  എക്‌സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂർ സമയത്ത് താരിഫ് നിരക്കിനെക്കാൾ 10% കുറവ് നിരക്കായി കുറച്ചു. വൈദ്യുതി നിരക്ക് കുറവുള്ള പകൽ സമയം ഇലക്ട്രിക് കാറുകളിലെ ബാറ്ററികളിൽ സംഭരിച്ച് വയ്ക്കുന്ന വൈദ്യുതിനിരക്ക് കൂടുതലുള്ള പീക്ക് സമയത്ത് ഗ്രിഡിലേക്ക് നൽകി അധിക വരുമാനം കാർ ഉടമസ്ഥർക്ക് ലഭിക്കാൻ സഹായിക്കുന്ന വെഹിക്കിൾ ടു ഗ്രിഡ് പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കാൻ അനർട്ട് മുന്നോട്ട് വന്നിരിക്കുകയാണ്.

സൗരോർജ്ജ വൈദ്യുതി ഉൽപ്പാദിപ്പിച്ച് ബാറ്ററികളിൽ സംഭരിച്ച് രാത്രികാലത്ത് ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനവും അനർട്ടിന്റെ ഓഫീസിൽ സജ്ജമാക്കിയിരിക്കുകയാണ്. ഇത്തരം സംവിധാനം വ്യാപിപ്പിക്കാനുള്ള കരട് മാർഗ്ഗരേഖ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു തെളിവെടുപ്പിലൂടെ ഇത് സംബന്ധിച്ച അഭിപ്രായം കമ്മീഷൻ തേടുന്നുണ്ട്. ഈ മാർഗ്ഗ രേഖ നിലവിൽ വരുന്നതോടെ ഗ്രിഡ് സംയോജിത ഊർജ്ജ സംഭരണ സംവിധാനങ്ങൾക്ക് പ്രചാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരത്തിൽ പകൽ സമയം വൈദ്യുതി നിരക്ക് കുറച്ചത് പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വെഹിക്കിൾ ടു ഗ്രിഡ് സംവിധാനവും ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനവും ലാഭകരമായി പ്രവർത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഇതിനോടൊപ്പം വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നവരുടെ ഉപയോഗത്തിലേക്ക് സൗജന്യ നിരക്കിൽ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാറിന് വേണ്ടി ആധുനിക സംവിധാനങ്ങളോടെ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനും ഇവിടെ ഉദ്ഘാടനം ചെയ്യുകയാണ്. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ വരുന്ന ഉപഭോക്താക്കൾക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമായി അനർട്ട് ആസ്ഥാന കാര്യാലയത്തിൽ സജ്ജമാക്കിയ കസ്റ്റമർ ലോഞ്ച് ഇത്തരത്തിലുള്ള സംരംഭകർക്ക് മാതൃകയാക്കാവുന്നതാണ്. ഇത്തരത്തിൽ കസ്റ്റമർ ലോഞ്ച് വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്നത് വാഹന യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേലൂരി സ്വാഗതം ആശംസിച്ചു. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർവാർഡ് കൗൺസിലർ മേരി പുഷ്പംചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിനോദ് ആർ, ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് രജികുമാർ പിള്ള എന്നിവർ സംബന്ധിച്ചു.

        പകൽ സമയം അധിക സൗരോർജ വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് പീക്ക് ഡിമാന്റ് മണിക്കൂറിൽ ഉപയോഗിക്കാവുന്ന ഗ്രിഡ് ഇന്ററാക്ടീവ് സോളാർ പവർഡ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS), ഓഫ് പീക്ക് സമയത്ത് ഗ്രിഡിൽ നിന്ന് വൈദ്യുതി ശേഖരിച്ച് ഗ്രിഡിലേക്ക് തിരികെ നൽകുന്ന വെഹിക്കിൾ ടു ഗ്രിഡ് (V2G), ഇലക്ട്രിക വാഹന ചാർജിംഗിനായുള്ള EZ4EV മൊബൈൽ ആപ്ലിക്കേഷൻഇതിന്റെ കസ്റ്റമർ കെയർ സംവിധാനം എന്നിവക്കാണ് തുടക്കമായത്.

പി.എൻ.എക്സ് 3091/2025

date