ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആര്‍. ബിന്ദു
ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇരിങ്ങാലക്കുട നഗരസഭയിലെയും പടിയൂര്‍, കാറളം, കാട്ടൂര്‍, പൂമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സമ്പൂര്‍ണ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് സാമൂഹിക നീതി വകുപ്പ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഡോക്ടര്‍മാരുടെ സേവനം ഒറ്റക്കുടക്കീഴില്‍ ലഭ്യമാകുന്നത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന ആദ്യത്തെ മണ്ഡലമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇരിങ്ങാലക്കുട മണ്ഡലം. സാമൂഹിക അവബോധത്തിനും ഭൗതിക പശ്ചാത്തലത്തിലും മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ഒന്നാമത്തെ പരിഗണന നല്‍കുന്നതിന് സാമൂഹിക നീതി വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത, കേരള സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി.സി സൗമ്യ, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ വകുപ്പ് ഡോക്ടമാരുടെ നേതൃത്വത്തില്‍ ക്യാമ്പും നടത്തി.
- Log in to post comments