Skip to main content

വനിതകള്‍ക്ക് സംരഭകത്വവികസനത്തിന് പരിശീലനത്തിന് അപേക്ഷിക്കാം

 

 

ഇടുക്കി ജില്ലയിലെ 18 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് വേണ്ടി കേരള സംസ്ഥാന വനിതാ വികസനകോര്‍പ്പറേഷന്റെ നേതൃത്വത്തില്‍  സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു. 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സ്ത്രീകളെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിലേയ്ക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭിക്കും. 12 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2400  രൂപ യാത്രാബത്ത നല്‍കും. മിനിമം യോഗ്യത പത്താം ക്ലാസ്സ് പഠനം. അവിവാഹിതര്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയം പര്യാപ്തത നേടുന്നതിന് വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തണം.  രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍/വോട്ടേഴ്സ് ഐ.ഡിഎന്നിവയുടെ പകര്‍പ്പ് , ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, വിദ്യാഭ്യാസയോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇടുക്കി ജില്ലാ ഓഫീസില്‍ ജൂലൈ 15 ന് മുന്‍പായി സമര്‍പ്പിക്കണം. വിലാസം- ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, ഒന്നാം നില, ജില്ലാ പഞ്ചായത്ത് കോംപ്ലക്‌സ്, ചെറുതോണി പി.ഒ. ഇടുക്കി-685602. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍- doldukki@kswdc.org .ഫോണ്‍-04862-291478, 8281956522.

 

date