Skip to main content

ഇടയ്ക്കവിസ്മയം മുതല്‍ ചെയര്‍മാന്‍സ് സിംഫണി വരെ

പെരിങ്ങോട് സുബ്രഹ്‌മണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടയ്ക്ക വിസ്മയത്തോടെ ആണ് ജൂലൈ 11 ന് വാദ്യോത്സവത്തിന് തുടക്കം കുറിക്കുന്നത്. കാലത്ത് 10.15 ന് കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മേളപ്പദം അരങ്ങേറും. കഥകളിക്ക് പശ്ചാത്തലമേളമൊരുക്കുന്ന ഗീതവാദ്യഘടകങ്ങളെല്ലാം ചേര്‍ന്നൊരുക്കുന്ന ഒരു സ്വതന്ത്ര വാദ്യപദ്ധതിയാണ് ഇത്. കാലത്ത് 11.45 ന്  കലാമണ്ഡലം രാജീവും കലാമണ്ഡലം വിനീഷും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ ഇരട്ടത്തായമ്പക നടക്കും.

ഉച്ചയ്ക്ക് 1.45 ന് തൃശ്ശൂര്‍ കൊള്ളന്നൂരിലെ ആട്ടം കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളം അരങ്ങേറും. ഉച്ചയ്ക്ക് 2.50 ന് അര്‍ജ്ജുന നൃത്തത്തിന്റെ താളവിന്യാസങ്ങളെകുറിച്ച് അനിരുദ്ധന്‍ കുന്നങ്കരി ആശാനും സജനീവ് ഇത്തിത്താനവും വിശദീകരിക്കും. തുടര്‍ന്ന് ഗരുഡന്‍തൂക്കത്തിന്റെ താളവിന്യാസങ്ങള്‍ കലാമണ്ഡലം ഷാജിയും സംഘവും അവതരിപ്പിക്കും. വൈകീട്ട് നാലിന് കേരള ഫോക് ലോര്‍ അക്കാദമിയുടെ ഏകോപനത്തോടെ ഗോത്രതാളവാദ്യകലാവതരണങ്ങള്‍ നടക്കും. വൈകീട്ട് അഞ്ചിന് ഉസ്താദ് മുഹമ്മദും സംഘവും മുട്ടും വിളിയുമായി നഗരപ്രദക്ഷിണം നടത്തും. പ്രാചീന മാപ്പിള കലാരൂപമാണ് മുട്ടും വിളിയും.
ഉദ്ഘാടനത്തിനുശേഷം രാത്രി 7.15 ന് തമിഴകത്തിന്റെ പ്രാചീന നാടോടി കലാരൂപമായ തപ്പാട്ടം അരങ്ങേറും. തിരുനങ്കൈ തമിഴിനിയും ഡേവിഡും സംഘവുമാണ് തപ്പാട്ടം അവതരിപ്പിക്കുക. രാത്രി 7.40  ന്  മരുഭൂമിയുടെ താളമായ കര്‍താള്‍ അരങ്ങേറും. കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത കര്‍താള്‍ അവതരിപ്പിക്കുന്നത് മുഹമ്മദ് റഫീക്കും ഷക്കീര്‍ ഖാനുമാണ്. രാത്രി8.15 ന് ഓടക്കാലി മുരളിയും സംഘവും അവതരിപ്പിക്കുന്ന കൊമ്പുപറ്റ് അരങ്ങേറും. രാത്രി 9.05 ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന പുളിമുട്ടിയില്‍ പ്രത്യേകം തയ്യാറാക്കിയ താളശില്പം അരങ്ങേറും.

രണ്ടാംദിനമായ ജൂലൈ 12  രാവിലെ ഒന്‍പതിന് തേരോഴി രാമക്കുറുപ്പും സംഘവും      അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറും . ഓരോ കാലവും വ്യത്യസ്ത പ്രമാണിമാര്‍ നയിക്കുന്ന രീതിയിലാണ് പഞ്ചാരിമേളം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രാമക്കുറുപ്പിനെ കൂടാതെ ,  ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, തിരുവല്ല രാധാകൃഷ്ണമാരാര്‍,  പോരൂര്‍ ഹരിദാസ്, വെള്ളിതിരുത്തി ഉണ്ണിനായര്‍ എന്നിവര്‍ ആണ് ഓരോരോ കാലങ്ങള്‍ നയിക്കുന്നത്. രാവിലെ 10.40 മുതല്‍ 1.15 വരെ സോദാഹരണ പ്രഭാഷണങ്ങള്‍ നടക്കും. പശ്ചാത്യ താളപദ്ധതികളെക്കുറിച്ച് ജോബോയും ഷോമിയും സംസാരിക്കും. വടക്കന്‍ കേരളത്തിലെ നാടോടിതാളങ്ങളെ കുറിച്ച് എ.വി അജയകുമാറും സംഘവും  വിശദീകരിക്കും. മൃദംഗവാദനത്തിലെ ശൈലികളുടെ വൈവിധ്യത്തെക്കുറിച്ച്  ഡോ.ജയകൃഷ്ണനും ഇടപ്പള്ളി അജിത്കുമാറും സംസാരിക്കും.  ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചുവരെ പെണ്‍കാലങ്ങള്‍ അരങ്ങേറും. വൈകീട്ട് 5.05 ന് തൃശ്ശൂര്‍ മുണ്ടത്തിക്കോട് രാഗദീപം ബാന്‍ഡ് അവതരിപ്പിക്കുന്ന ബാന്‍ഡ് അരങ്ങേറും. 6.10 ന് കലാമണ്ഡലം രാജ്‌നാരായണനും സംഘവും മദ്ദളത്തിലെ വ്യത്യസ്തവാദന പദ്ധതികള്‍ അവതരിപ്പിക്കും. 6.30 ന് കാവില്‍ സുന്ദരനും സംഘവും അവതരിപ്പിക്കുന്ന പരിഷവാദ്യം നടക്കും. ഏഴുമണിക്ക് വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന താളവും കുട്ടികളും എന്ന പരിപാടിയും നടക്കും. 7.45 ന് സുകന്യ രാംഗോപാലിന്റെ ഘടതരംഗം നടക്കും. സമാപനദിവസം കാലത്ത് ഒന്‍പതിന് പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം നടക്കും. കാലത്ത് 10.40 ന് താളഗോപുരങ്ങള്‍ എന്ന സെഷനില്‍ താളവും സാംസ്‌കാരികചരിത്രവും എന്ന വിഷയത്തില്‍ വാദ്യപ്രമാണിമാര്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സംസാരിക്കും. കെ.ബി രാജാനന്ദ് മോഡറേറ്റര്‍ ആയിരിക്കും. ഗുരുക്കന്മാരായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കിഴക്കൂട്ട് അനിയന്‍ മാരാര്‍, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, പരക്കാട് തങ്കപ്പന്‍ മാരാര്‍, പെരിങ്ങോട് ചന്ദ്രന്‍, കുനിശ്ശേരി ചന്ദ്രന്‍, പല്ലാവൂര്‍ രാഘവപിഷാരോടി, രാമനാട്ട് നാരായണന്‍ നായര്‍. മച്ചാട് മണികണ്ഠന്‍, കലാമണ്ഡലം ഈശ്വരനുണ്ണി, തിരുവില്വാമല ഹരി, തൃശ്ശൂര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാലത്ത്  11.50 ന് കല്ലൂര്‍ രാമന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും ഉച്ചയ്ക്ക് 2.30 ന് ചോറ്റാനിക്കര വിജയനും സംഘവും അവതരിക്കുന്ന പഞ്ചവാദ്യം നടക്കും. വൈകുന്നേരം 4.10 ന് സുഘദ് മുണ്ടെയും സംഘവും അവതരിപ്പിക്കുന്ന ഭൂസ്പന്ദങ്ങള്‍ അരങ്ങേറും. വൈകുന്നേരം 5.15 ന് ജനാര്‍ദനന്‍ പുതുശ്ശേരിയും തദ്ദേശീയ താളങ്ങളെ പരിചയപ്പെടുത്തും. 6.30 ന് സമാപന സമ്മേളനം നടക്കും 7.35 ന് നമ്മളൊന്ന് എന്ന പേരില്‍ ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അവതരിപ്പിക്കുന്ന ചെയര്‍മാന്‍സ് സിംഫണി നടക്കും. ഇതില്‍ ചെയര്‍മാനും മട്ടന്നൂര്‍ ശ്രീരാജും ചെണ്ടയും പ്രകാശ് ഉളളിയേരി കീബോര്‍ഡും ഹാര്‍മോണിയവും വായിക്കും. ഗുരു  കലൈമാമണി തഞ്ചാവൂര്‍ ടി. ആര്‍ ഗോവിന്ദരാജന്‍ തവിലും ബി ശ്രീസുന്ദര്‍കുമാര്‍ ഗഞ്ചിറയും ഡോ. സുരേഷ് വൈദ്യനാഥന്‍ ഘടവും വായിക്കും.

ജൂലൈ 11,12,13 തിയതികളില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ വാദ്യത്തിന്റെ പ്രാഥമിക പാഠങ്ങളും പരിശീലന ക്രമങ്ങളും   കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ സോദാഹരണം  അവതരിപ്പിക്കും. ഇതേ ദിവസങ്ങളില്‍ വാദ്യോപകരണനിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ജയകേരള, തിരുത്തിപറമ്പ്  വിശദീകരിക്കും

date