സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞം' പദ്ധതിക്ക് ജില്ലയിലും തുടക്കമാകുന്നു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ പദ്ധതിയുടെ ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ബീന പദ്ധതി വിശദീകരിച്ചു.
കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ 16 സര്‍ക്കാര്‍ വകുപ്പുകളെ കൂടി ഭാഗമാക്കും. തരിശുഭൂമി, വീട്ടുവളപ്പ്, മട്ടുപ്പാവ്, റവന്യൂ ഭൂമി, സ്കൂള്‍, കോളേജ് എന്നിവയുള്‍പ്പെടെ കൃഷിചെയ്യാന്‍ സാധ്യമായ എല്ലാ സ്ഥലങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണവും ഉറപ്പാക്കും. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിത്തുകളും തൈകളും ഉള്‍പ്പെടെ വിതരണം ചെയ്യും. ഹൈപവര്‍ കമ്മിറ്റിക്ക് പുറമെ ജില്ലാ പഞ്ചായത്ത് തലത്തിലും പദ്ധതിയുടെ മേല്‍നോട്ടം ഉറപ്പാക്കാന്‍ സമിതി രൂപീകരിക്കും.
- Log in to post comments