Skip to main content

കാലാവസ്ഥ അനുരൂപ കൃഷി വികസിപ്പിക്കുന്നതിന് കേരയും കേരള കാർഷിക സർവകലാശാലയും ധാരണ

കേരളത്തിലെ കാർഷിക മേഖലയിൽ കാലാവസ്ഥ അനുരൂപ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേൾഡ് ബാങ്ക് സഹായത്തോടെ രൂപീകരിച്ച കേര പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി കേരള കാർഷിക സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേര അഡീഷണൽ പ്രോജക്ട് ഡയറക്ടർ  വിഷ്ണു രാജും കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ''കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഭാവിയിൽ പ്രതിരോധശേഷിയുള്ള കൃഷിക്കുള്ള കേരളത്തിന്റെ ശ്രമങ്ങളിൽ ഈ സഹകരണം പ്രധാന നാഴികക്കല്ലാണെന്ന് പ്രൊജക്റ്റ് ഡയറക്ടർ വിഷ്ണു രാജ് പറഞ്ഞു. കേരളത്തിലെ വൈവിധ്യമാർന്ന കാർഷിക-പാരിസ്ഥിതിക മേഖലകളിലുടനീളം കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള കൃഷി രീതികൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരയും കേരള കാർഷിക സർവകലാശാലയും ഒരുമിച്ച് പ്രവർത്തിക്കും. മണ്ണ് പരിശോധനാ ലബോറട്ടറികൾ നവീകരിക്കുക, ഉപദേശക സംവിധാനങ്ങൾ നവീകരിക്കുക, മുൻഗണനാ ജില്ലകളിലെ ആൾട്ടർനേറ്റ് വെറ്റിംഗ് ആൻഡ് ഡ്രൈയിംഗ് (AWD) പോലുള്ള പൈലറ്റ് ലോ-കാർബൺ നെൽകൃഷി സാങ്കേതിക വിദ്യകൾ നടപ്പിലാക്കുക എന്നിവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. കൃഷി വകുപ്പ് ഐ.ടി. സെല്ലിന്റെ പിന്തുണയോടെ കാർഷിക സർവ്വകലാശാലയിൽ കേരള അഗ്രോ ക്ലൈമറ്റ് റിസർച്ച് സെന്റർ (കെ.എ.സി.ആർ.സി.) സ്ഥാപിക്കുന്നതിനും കാലാവസ്ഥാ-സ്മാർട്ട് കൃഷി സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും വിവിധ കാർഷിക ഗവേഷണത്തിനും ഈ പങ്കാളിത്തം പിന്തുണ നൽകും. ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കേര പദ്ധതി, കാർഷിക മൂല്യ ശൃംഖലകൾ നവീകരിക്കുന്നതിനും പ്രകൃതിക്ഷോഭ സാധ്യതകൾക്കെതിരെയുള്ള സംസ്ഥാനത്തിന്റെ തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുമുള്ള അടുത്ത അഞ്ച് വർഷത്തെ പരിപാടിയാണ്. ഈ ലക്ഷ്യങ്ങൾ ഫലപ്രദമായ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിൽ സർവകലാശാലയുമായുള്ള ധാരണാപത്രം നിർണായകമാകും.

തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന ചടങ്ങിൽ കാർഷിക സർവകലാശാല  ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. കെ. എൻ. അനിത്, കേര സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ (എസ്പിഎംയു) മുതിർന്ന ഉദ്യോഗസ്ഥർ, കേര പ്രൊക്യുർമെന്റ് ഓഫീസർ സുരേഷ് സി തമ്പി പ്രൊജക്ടിലെ കൃഷി ഓഫീസർമാരായ ലക്ഷ്മി ആർ നാഥ്, വിഷ്ണു നാരായൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ് 3113/2025

date