കരിങ്ങഴ കുടിവെള്ള പദ്ധതിയിലൂടെ പ്രദേശവാസികളുടെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് മന്ത്രി വി.എൻ വാസവൻ
* പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
കോതമംഗലം നഗരസഭയിലെ കരിങ്ങഴ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾ നേരിടുന്ന ജലക്ഷാമ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം നഗരസഭയിലെ മൂന്ന്, നാല് വാർഡുകളിലെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യമുണ്ട്. ആ പ്രശ്നത്തിന് പരിഹാരം ആയാണ് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിൽ കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നത്. ഇതുവഴി 500ൽ പരം കുടുംബങ്ങളിലെ കുടിവെള്ള ക്ഷാമം മാറും.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാഥമികമായി ലഭ്യമാകേണ്ട ഘടകമാണ് ദാഹജലം. സംസ്ഥാനത്തുടനീളം ജനങ്ങളുടെ ദാഹജല പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് സർക്കാർ ശ്രമം നടത്തി വരികയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ മുൻകൈയെടുത്ത കോതമംഗലം നഗരസഭയെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കരിങ്ങഴ ഗവ. എൽ.പി സ്കൂളിൽ നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ്യ വിനോദ്, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വി. തോമസ്, നഗരസഭാ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്ജ്, വാർഡ് കൗൺസിലർമാരായ എൽദോസ് പോൾ, സിബി സ്കറിയ, സിജോ വർഗീസ്, റോസിലി ഷിബു, നഗരസഭാ എഞ്ചിനീയർ വി. ജിനു, കരിങ്ങഴ ഗവ. എൽ.പി. സ്കൂൾ എച്ച്.എം റ്റി.എ ഷെമീന, സി.ഡി.എസ്.അംഗം അമ്പിളി ശശാങ്കൻ, ആശാ വർക്കർമാരായ ബിജി എൽദോസ്, സ്‌മിത മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments