ജനകീയം 2025 : വാർഡ് തലത്തിൽ മുഖാമുഖവുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ
വൈപ്പിൻ മണ്ഡലത്തിലെ സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഡ് മുഖാമുഖം പരിപാടി " ജനകീയം 2025" കടമക്കുടി പഞ്ചായത്തിൽ നടന്നു. കടമക്കുടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും എംഎൽഎ നേരിട്ട് എത്തി പൊതുജനങ്ങളുമായി സംവദിച്ചു.
ടൂറിസം സാധ്യത ഏറ്റവും കൂടുതൽ പ്രകടമായ കടമക്കുടിക്ക് അതിൻ്റെ സ്വാഭാവിക രീതികൾക്കനുസൃതമായ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. എട്ടു കോടിയുടെ കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിയിൽ നടപടി പുരോഗമിക്കുകയാണ്. പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ടതും സർവതല സ്പർശിയുമായ പദ്ധതിയാണ് നടപ്പാക്കുക.
പൊക്കാളി നെല്ലിൻ്റെ വികസനത്തിനു മുഖ്യപരിഗണന നൽകും. മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണി കണ്ടെത്തലും നടത്തും. .
കുടിവെള്ളം ഉൾപ്പെടെ വിഷയങ്ങളിൽ ത്വരിതഗതിയിൽ നടപടികൾ പുരോഗമിക്കുകയാണ്.
എല്ലാ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുന്ന ആദ്യ മണ്ഡലമാകും വൈപ്പിനെന്നും എംഎൽഎ പറഞ്ഞു. ഒരു സ്കൂളിന് 12.5 ലക്ഷം രൂപയാണ് പദ്ധതിക്കു ചെലവ്.
മുഖ്യമന്ത്രിയുടെ ചികിത്സ സഹായം, ദുരിതാശ്വാസം തുടങ്ങി സർക്കാരിന്റെ നിരവധിയായ ക്ഷേമ പദ്ധതികൾ സംബന്ധിച്ച് വേണ്ടത്ര അവബോധമില്ലാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കും.
സമയം തെറ്റിയ വേലിയേറ്റം ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാൻ മണ്ഡലത്തിൽ നിന്നു നൽകിയ 1450 അപേക്ഷകളിൽ നടപടികൾ ഉടനുണ്ടാകും.
റോഡുകൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൈവരിച്ച മികവ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അക്കമിട്ടു നിരത്തി. രാഷ്ട്രീയ വ്യത്യാസമില്ലാതെ വാർഡംഗങ്ങൾ ജനകീയത്തിൽ ക്രിയാത്മകമായി പങ്കെടുത്തത് മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു.
വാർഡുതല, വ്യക്തിഗത, പൊതു പ്രശ്നങ്ങളിൽ ഒപ്പമുണ്ടെന്ന വിശ്വാസവും പിന്തുണയും ജനങ്ങൾക്കു പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ജനങ്ങൾ ഹൃദയത്തിലേറ്റി എന്നതിനു തെളിവാണ് ഓരോ വേദിയിലും എത്തുന്ന ജനങ്ങൾ എന്ന് എംഎൽഎ പറഞ്ഞു.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് മേരി വിൻസെൻ്റ് എല്ലായിടത്തും എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു. ബ്ലോക്ക് അംഗം മനുശങ്കർ, ജോണി മാസ്റ്റർ, സി കെ വിജയൻ എന്നിവർ പങ്കടുത്തു വിവിധ വേദികളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സന്നിഹിതരായി.
- Log in to post comments