Skip to main content

ചെമ്മട്ടംവയല്‍ പ്രീമെട്രിക്ക് ഹോസ്റ്റലിനെ മികവിന്റെ കേന്ദ്രമാക്കും; പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു ഡിജിറ്റല്‍ ക്ലാസ്സ് റൂം  ഉദ്ഘാടനം ചെയ്തു

അഞ്ചു മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 30 പെണ്‍കുട്ടികള്‍ക്ക് സൗജന്യ താമസ- പഠന സൗകര്യങ്ങള്‍ ഉറപ്പാക്കി കാഞ്ഞങ്ങാട് നഗരസഭക്ക് കീഴില്‍ ചെമ്മട്ടംവയലില്‍ ആരംഭിക്കുന്ന പട്ടികജാതി വികസനവകുപ്പിന്റെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ഡിജിറ്റല്‍ ക്ലാസ് റൂമിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനവും കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത നിര്‍വഹിച്ചു. പ്രിമെട്രിക്ക് ഹോസ്റ്റലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന്  കെ.വി സുജാത പറഞ്ഞു. നഗരസഭ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് അരക്കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടത്തുന്നത്. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് ഡിജിറ്റല്‍ ക്ലാസ്സ് റൂമും കമ്പ്യൂട്ടര്‍ ലാബും സജ്ജീകരിച്ചത്.

ഹോസ്റ്റലിലേക്ക് സി.സി.ടി.വി, സൗണ്ട് സിസ്റ്റം, വാട്ടര്‍ ഫില്‍ട്ടര്‍, തുടങ്ങിയ സൗകര്യങ്ങളും നഗരസഭ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയിരുന്നു. ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബെല്ലയില്‍ അഞ്ചാംതരം മുതല്‍ പത്തു വരെ പഠിക്കുന്ന 30 പെണ്‍കുട്ടികള്‍ക്കാണ് ഇവിടെ സൗജന്യ താമസ പഠന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ളത്. ഹോസ്റ്റല്‍ നിര്‍മാണത്തിന്റെ അടുത്ത ഘട്ടംകൂടി പൂര്‍ത്തിയാകുന്നതോടെ പഠന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ  കുട്ടികളുടെ കലാ കായിക വിനോദങ്ങള്‍ക്ക് കൂടി  കൂടുതല്‍ അവസരം ഹോസ്റ്റലില്‍ ലഭ്യമാമാക്കാന്‍ കഴിയും. നിലവില്‍ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളും മൂന്ന് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുമാണ് പ്രവര്‍ത്തിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും

സാമൂഹിക പുരോഗതിക്കും ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.അഹമ്മദലി, കെ.വി സരസ്വതി, കെ.അനീശന്‍, കെ.പ്രഭാവതി നഗരസഭാ കൗണ്‍സിലര്‍മാരായ കെ.കെ ജാഫര്‍, കെ.കെ ബാബു, കെ.വി മായാകുമാരി, വിനീത് കൃഷ്ണന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി.മിനി എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് എസ്.സി.ഡി.ഒ  പി.ബി ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.വി ചന്ദ്രന്‍ നിര്‍മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ലത സ്വാഗതവും മുനിസിപ്പല്‍ പ്രമോട്ടര്‍ ആതിരാ രാജീവന്‍ നന്ദിയും പറഞ്ഞു.
 

date