45 പച്ചത്തുരുത്തുകളുമായി നെന്മാറ ബ്ലോക്ക്
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏഴു പഞ്ചായത്തുകളിലായി 45 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. 2019 മുതലുള്ള കണക്കാണിത്. ജൂണ്‍ അഞ്ചു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വൃക്ഷവത്കരണ ക്യാമ്പയിന്റെ സ്ഥാപിച്ച ഒമ്പത് പച്ചതുരുത്തുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടും. പുതുതായി മൂന്ന് പച്ചത്തുരുത്തുകള്‍ കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. പേര, സപ്പോട്ട, ചാമ്പക്ക, നാരകം, നാട്ടു മാവ്, പ്ലാവ്, തുടങ്ങി 25 ഓളം തൈകള്‍ നട്ടുപിടിപ്പിച്ചാണ് പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നെന്മാറ ഗ്രാമപഞ്ചായത്തില്‍ ചാത്തമംഗലം പാലത്തിനടുത്ത് ചപ്പാത്തിപ്പുഴയിലെ മൂന്ന് പച്ചത്തുരുത്തുകള്‍, എലവഞ്ചേരിയില്‍ തൂറ്റിപാട് വാതക ശ്മശാനത്തിനടുത്ത് ഗായത്രി പുഴയ്ക്ക് തീരത്തെ രണ്ട് പച്ചത്തുരുത്തുകള്‍, പല്ലശ്ശനയിലെ വാമല, ചെട്ടിയാര്‍പാടം, തല്ലുമന്നം എന്നിവിടങ്ങളിലായി നാല് പച്ചത്തുരുത്തുകള്‍, മേലാര്‍ക്കോട് ആറ്റാലക്കടവില്‍ ഒരു പച്ചത്തുരുത്ത് തുടങ്ങിയവയാണ് പ്രധാന പച്ചതുരുത്തുകള്‍. കൂടാതെ വിവിധ സ്‌കൂളുകളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡുകള്‍ വലിച്ചെടുത്ത് അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന മുളവര്‍ഗത്തിനാണ് പച്ചതുരുത്തുകളില്‍ പ്രാധാന്യം നല്‍കുന്നത്. ഓക്‌സിജന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ഈറ്റ, മുരിങ്ങ, ലൗലോലി, മുളളാത്ത, കടച്ചക്ക, കൈത, കരിമ്പന തുടങ്ങിയ വൃക്ഷങ്ങളും പച്ചത്തുരുത്തുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പനപര്‍വ്വം പദ്ധതിയുടെ ഭാഗമായി പല്ലശ്ശനയില്‍ വാമലയ്ക്ക് താഴെ കരിമ്പനകളുടെ കായ്കള്‍ ശേഖരിച്ച് മുളപ്പിച്ച് നട്ടുപിടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാപക പച്ചതുരുത്തുകളാണ് നെന്മാറ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുള്ളത്.
- Log in to post comments