കൊല്ലങ്കോട് പബ്ലിക് ലൈബ്രറിയില്‍ വായന വസന്തം പദ്ധതി തുടങ്ങി
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്തകങ്ങള്‍ വീട്ടിലേക്ക് എന്ന സന്ദേശവുമായി നടപ്പാക്കുന്ന വായന വസന്തം പരിപാടിയ്ക്ക് കൊല്ലങ്കോട് തുടക്കമായി. കൊല്ലങ്കോട് പബ്ലിക് ലൈബ്രറിയുടെ വായന വസന്തം പരിപാടി കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യനിരൂപകന്‍ ആഷാ മേനോന് പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. എം.പി.വീരേന്ദ്രകുമാര്‍ രചിച്ച ഹൈമവത ഭൂവില്‍, പത്രാധിപരും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.നാരായണന് നായരുടെ ആത്മകഥയായ അരനൂറ്റാണ്ടിലൂടെ എന്നീ കൃതികളാണ് വായനാ വസന്തത്തിന്റെ ഭാഗമായി കൈമാറിയത്.
വായനാശാലകളിലെത്താന് കഴിയാത്തവര്‍ക്ക് വീടുകളില്‍ പുസ്തകം എത്തിച്ച് കൊടുക്കുന്ന പദ്ധതിയാണിത്. ലൈബ്രറി ഭാരവാഹികളായ, ആര്. മുരളീധരന്, എന്‍. ഉണ്ണികൃഷ്ണന്, കെ.സുമ, സുനിത എന്നിവര്‍ പങ്കെടുത്തു.
- Log in to post comments