Skip to main content
.

ഹരിതകര്‍മ്മസേന ഭാരവാഹികളുടെ സംഗമം നടത്തി

 

 

 

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു. എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ. സി ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് ഹരിതകര്‍മസേനാംഗങ്ങളെന്നും അവരുടെ പ്രവര്‍ത്തനം ഈ നാടിന് അഭിമാനമാണെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.

 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിബു. ജി അധ്യക്ഷത വഹിച്ചു. ഹരിതകര്‍മ്മസേന അധിക വരുമാന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അജയ് പി. കൃഷ്ണയും ട്രെയിനര്‍ രമ്യയും വിഷയാവതരണം നടത്തി. ജൈവ വള നിര്‍മ്മാണം, വെസ്സല്‍ ബാങ്ക്, ബദല്‍ ഉല്‍പ്പന്ന നിര്‍മാണം, ആക്രി കച്ചവടം, എല്‍.ഇ.ഡി ബള്‍ബ് റിപ്പയറിങ്, പഴയ പത്രം മാസിക എന്നിവയുടെ ശേഖരണം, കൃഷി, വിവിധ നൈപുണ്യ പരിശീലനം നല്‍കല്‍ എന്നിങ്ങനെയുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. 

 

ഹരിതകര്‍മ്മ സേന-കുടുംബശ്രീ ബന്ധം എന്ന വിഷയത്തില്‍ ഹരിതകര്‍മ്മസേന സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വിജീഷ് എസും ക്ലാസെടുത്തു. ബുക്ക് കീപ്പിങ് ആന്‍ഡ് ഓഡിറ്റിങ് എന്ന വിഷയത്തില്‍ കാസ് ടീം അംഗം ഷീനയും ക്ലാസെടുത്തു.

 

കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.പി.എം അരുണ്‍ വി. എ, ഹരിതകര്‍മ്മസേന ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആഷ്ലി അലക്‌സ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലയിലെ 52 പഞ്ചായത്തുകളുടെയും രണ്ട് നഗരസഭകളിലെയും കണ്‍സോര്‍ഷ്യം ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ ഒരു തൈ നടാം ജനകീയ ക്യാമ്പയിനെ പറ്റി വിശദീകരിക്കുകയും ഓഗസ്റ്റ് 3 ന് തൈ കൈ മാറാനും തീരുമാനിച്ചു.

 

 

ചിത്രം : ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികളുടെ സംഗമത്തിന്റെ ഉദ്ഘാടനം എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ. സി നിര്‍വഹിക്കുന്നു.

 

വീഡിയോ ലിങ്ക് - https://we.tl/t-4LMz5MDnVY

 

date