ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ ഒന്‍പത് മുതല്‍ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ആരംഭിക്കും- മന്ത്രി വി ശിവന്‍കുട്ടി
അക്കാദമിക മോണിറ്ററിംഗ്: ജില്ലയിലെ പ്രഥമാധ്യാപകര്‍ക്കായി കൈറ്റ് ശില്പശാല സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തും ഓണ്‍ലൈനായി സംവദിച്ചു
മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ ഒന്‍പത് മുതല്‍ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകള്‍ പരിചയപ്പെടുത്താന്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന ഹൈസ്‌കൂള്‍ പ്രഥമാധ്യാപക ശില്പശാലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് പങ്കെടുത്തു.
അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനു മുള്ള സമഗ്ര പ്ലസ് പോര്‍ട്ടല്‍ ഉപയോഗിക്കേണ്ട രീതി ശില്പശാലയില്‍ വിശദീകരിച്ചു. ഇതിനായി താഴെത്തട്ട് മുതല്‍ മുകള്‍ തട്ടു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള സൗകര്യങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന സമഗ്ര പ്ലസ് പോര്‍ട്ടലില്‍ ഉള്ളത്.
'സമഗ്ര പ്ലസ്' (www.samagra.kite.kerala.gov.in) പോര്‍ട്ടലിലൂടെ ടീച്ചര്‍ക്ക് ഡിജിറ്റല്‍ പ്ലാനുകള്‍ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകര്‍ക്ക് സമര്‍പ്പിക്കാനും കഴിയും. അതോടൊപ്പം ഈ പോര്‍ട്ടലിലുള്ള ഡിജിറ്റല്‍ റിസോഴ്‌സുകള്‍ 'ലേണിംഗ് റൂം' സംവിധാനം വഴി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാവും. സ്‌കീം ഓഫ് വര്‍ക്കിനനുസരിച്ചാണോ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് ടീച്ചര്‍ക്ക് സ്വയം വിലയിരുത്താം.
നേരത്തെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകര്‍, ഐ ടി കോര്‍ഡിനേറ്റര്‍മാര്‍, എസ്ആര്‍ജി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ക്ക് കൈറ്റ് പരിശീലനം നല്‍കിയിരുന്നു. ശില്പശാലയില്‍ കോഴിക്കോട് ജില്ലയിലെ 195 ഹൈസ്‌കൂള്‍ പ്രഥമാധ്യാപകര്‍ പങ്കെടുത്തു.
ജൂലൈ മാസം തന്നെ സംസ്ഥാന തലത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കി അക്കാദമിക മോണിറ്ററിംഗിനും കുട്ടികളുടെ മെന്ററിംഗിനുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രക്ഷിതാക്കള്‍ക്കുള്‍പ്പെടെ കാണുന്ന വിധം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമെന്ന് ചടങ്ങില്‍ സംവദിച്ച കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ശില്പശാലയ്ക്ക് കൈറ്റ് ജില്ലാ കോഡിനേറ്റര്‍ കെ മനോജ് കുമാര്‍, ഇ ടി രമേശന്‍, വി ഷാജി, നൗഫല്‍, നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Log in to post comments