Skip to main content

ഡിജിറ്റൽ സർവേ :കേരളം രാജ്യത്തിന് മാതൃക : റവന്യൂ മന്ത്രി കെ രാജൻ

ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ജനങ്ങൾക്ക് ലഭ്യമാക്കും

കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജന്‍ നാടിന് സമര്‍പ്പിച്ചു. 

 

 

എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന ആശയം മുൻനിർത്തി കേരളം നടപ്പിലാക്കിയ ഡിജിറ്റൽ സർവ്വേ രാജ്യം മാതൃക ആക്കണമെന്ന്തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാഷണൽ സർവ്വേ കോൺക്ലേവ് വിലയിരുത്തിയതായി റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.

സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കോടോത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത തരത്തിൽ വേഗതയിലും സുതാര്യമായും ജനപങ്കാളിത്തത്തോടും കൂടിയാണ് കേരളത്തിൽ ഡിജിറ്റൽ റീസർവേ നടക്കുന്നത്.ഡിജിറ്റൽ സർവ്വേയുടെ കാര്യത്തിൽ ഇന്ത്യയെ നയിക്കാനുള്ള ചുമതല കേരളത്തിന്റെ റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നാണ് രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത നാഷണൽ സർവ്വേ കോൺക്ലേവിൽ അഭിപ്രായപ്പെട്ടത്.  ഡിജിറ്റൽ സർവേയിലൂടെ ഒന്നര വർഷത്തിനിടെ നാലരലക്ഷം ഹെക്ടർ ഭൂമിയാണ് കേരളത്തിൽ അളന്നു തീർത്തത്.സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും വളരെ ഫലപ്രദമായി നടപ്പിലാക്കിയ പട്ടയ മിഷനുകളിലൂടെയും അദാലത്തുകളിലൂടെയും ഒമ്പത് വർഷത്തിനിടെ നാലു ലക്ഷത്തിൽ പരം ഭൂവുടമകളെ ഉണ്ടാക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ അറുന്നൂറോളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജുകളായി ഉയരുന്നത്. ഇതിന്റെ ഭാഗമായി പൂർണ്ണമായും റവന്യൂ ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട പതിനാലോളം രേഖകൾ ചിപ്പ് ഘടിപ്പിച്ച ഒറ്റ കാർഡിൽ ഉൾപ്പെടുത്തി റവന്യൂ കാർഡുകളായി ജനങ്ങൾക്ക് ലഭ്യമാക്കും. ഡിജിറ്റൽ സംവിധാനങ്ങൾ സജീവമാകുന്നതോടെ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

 

ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ്മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി,കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് പി.ശ്രീജ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി ശ്രീലത, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരൻ ,

വാർഡ് മെമ്പർമാരായ പി.കുഞ്ഞികൃഷ്ണൻ,സൂര്യ ഗോപാലൻ ,ആൻസി ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ഗോവിന്ദൻ , ടി. കെ. രാമചന്ദ്രൻ, എ. രാമചന്ദ്രൻ , പി സാജു ജോസഫ്, . രാധാകൃഷ്ണൻ , എ യു മത്തായി . എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ആർഡിഒയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ് സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ പി വി മുരളി നന്ദിയും പറഞ്ഞു.

 

date