ക്ലാസ് റൂം ആസ് ലാബ് ഉദ്ഘാടനം ചെയ്തു
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി "ക്ലാസ് റൂം ആസ് ലാബ്" (Class room as Lab) പദ്ധതി ആലത്തൂർ സബ് ജില്ലയിലെ വെങ്ങന്നൂർ ജി.എൽ.പി സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിച്ചു.
എൽ.പി ക്ലാസുകളിലെ ലാബ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണിത്. കുട്ടികൾക്ക് പാഠഭാഗങ്ങളെ ആഴത്തിൽ അറിയുന്നതിനായി പഠനോപകരണങ്ങൾ, പരീക്ഷണ സാമഗ്രികൾ എന്നിവയാണ് ലാബിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ വിഷയത്തിനും ആവശ്യമായ സാമഗ്രികളാണ് ലാബിൽ ഒരുക്കുന്നത്.
ഇതിലൂടെ കുട്ടികള്‍ക്ക് സ്വയം പരീക്ഷണങ്ങൾ ചെയ്തു നോക്കാനും മനസ്സിലാക്കാനും സാധിക്കും. ഡി.പി.സി ഷാജി പദ്ധതി വിശദീകരണം നൽകി.
ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായ പരിപാടിയിൽ വെങ്ങന്നൂർ ജി. എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സി ബബിത, മെമ്പർമാരായ അബ്ദുൾ കലാം,വി.കനകാംബരൻ,ആലത്തൂർ ബി.പി.സി ബീന, സീനിയർ അധ്യാപക സുനിത, ക്ലാസ് റൂം ആസ് ലാബ് കൺവീനർ എസ്.ഫിർഷാന എന്നിവർ പങ്കെടുത്തു.
- Log in to post comments