ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ നാളെ(ജൂലൈ 10)ആരംഭിക്കും
സാക്ഷരതാ മിഷന്‍ , പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ നാളെ(ജൂലൈ10) ആരംഭിക്കും. കോട്ടയം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ, കോട്ടയം ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , ചങ്ങനാശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാമ്പാടി പൊന്‍കുന്നം വര്‍ക്കി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, രാമപുരം സെന്റ് ആഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ അഞ്ച് പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ 231 പഠിതാക്കളും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ 237 പഠിതാക്കളും എഴുതും. 24 വയസ്സ് മുതല്‍ 65 വയസ് വരെയുള്ളവരാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും കൃത്യമായ പഠനക്ലാസുകളും നിരന്തരമൂല്യനിര്‍ണ്ണയവും കോഴ്‌സിന്റെ ഭാഗമായി നടത്തിയിരുന്നതായി സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു പറഞ്ഞു.
പരീക്ഷ, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗവും കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍
പാഠപുസ്തക വിതരണം, പഠനക്ലാസ് , തുടര്‍ മൂല്യനിര്‍ണ്ണയം എന്നിവ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുമാണ് നടക്കുന്നത്. കോഴ്‌സിനു ചേരാനുളള കുറഞ്ഞ പ്രായം 22 വയസാണ്.
ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് തുല്യതാ കോഴ്‌സ് നടക്കുന്നത്. പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ജൂലൈ 20 വരെ പിഴയില്ലാതെ സ്വീകരിക്കും. 2600 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പഠിതാക്കള്‍ 300/- രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചാല്‍ മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് വയസ്‌ക്കരക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ 0481 2302055,
9447050515 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.
- Log in to post comments