Skip to main content

അറിയിപ്പുകൾ

 

 

മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

 

പ്രത്യേക ധനസഹായ പദ്ധതിയില്‍ അപേക്ഷിക്കാം
       
ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കവിയാത്തവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന ജൂലായ് 31 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in ല്‍ ലഭിക്കും. 

 

ലൈഫ് ഗാര്‍ഡ് നിയമനം

ആഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും. അപേക്ഷകര്‍ രജിസ്‌റ്റേഡ് മത്സ്യത്തൊഴിലാളികളും 20നും 45നും ഇടയില്‍ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്‌സില്‍ (എന്‍ഐഡബ്യൂഎസ്) പരിശീലനം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കും 2018ലെ പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണനയുണ്ടാകും. ജൂലൈ 23ന് രാവിലെ 10.30ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2414074. 

ക്വട്ടേഷന്‍ ക്ഷണിച്ചു

ട്രോളിങ് നിരോധന കാലയളവിന് ശേഷം (ആഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെ) കടല്‍രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി യന്ത്രവത്കൃത ബോട്ട് വാടകക്ക് ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 19ന് ഉച്ചക്ക് 2.30നകം ഫിഷറീസ് അസി. ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍ വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0495 2414074, 9496007052.

 

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.   അതത് പ്രദേശങ്ങളില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന് വിവിധ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവര്‍ക്കും കാവുകള്‍, കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുമാണ് 25,000 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് സമ്മാനിക്കുക. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 

അവാര്‍ഡിനുള്ള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോയും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം എന്ന വിലാസത്തില്‍ ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900. 

 
കാവുകള്‍ക്ക് ധനസഹായം

കാവുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ദേവസ്വം/കാവുടമസ്ഥര്‍/ട്രസ്റ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോം www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലെ Public interface/forms എന്ന പേജിലും മാത്തോട്ടം വനശ്രീ കോംപ്ലക്സിലെ സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലും ലഭിക്കും. 
മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ (പി.ഒ), മാത്തോട്ടം വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900.

 

സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം 

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായി സിവില്‍ സര്‍വീസ് തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. ജൂലൈ 13ന് കല്ലാച്ചി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിക്ക് ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി നേതൃത്വം നല്‍കും. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഡ്വ. മുഹമ്മദ് റോഷന്‍ പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 10ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു. ഫോണ്‍: 80862 18311.

വനിത ഫോറസ്റ്റ് വാച്ചര്‍ നിയമനം

കോഴിക്കോട് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പട്ടികവര്‍ഗ ആദിവാസി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു (കാറ്റഗറി നമ്പര്‍: 120/2025, ഗസറ്റ് തീയതി: 17/06/2025).
അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യമുള്ളവരും സാക്ഷരരും ആയിരിക്കണം. ഇക്കാര്യം തെളിയിക്കുന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍/ടിഇഒയുടെ സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പില്‍ വാച്ചറായി സേവനമനുഷ്ഠിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും ഗസറ്റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 16.

 

പ്രീ മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാവൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രാവിലെയും വൈകുന്നേരവും ട്യൂഷന്‍ എടുക്കാന്‍ ട്യൂട്ടര്‍മാരെ നിയമിക്കും. ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ബി എഡ്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തിലും ടിടിസി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 9188920084, 9495456579.

 

വിവരം അറിയിക്കണം

വാഹനം ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ ചികിത്സയിലിരിക്കെ ജൂണ്‍ 26ന് മരണപ്പെടുകയും ചെയ്ത ഇ രവീന്ദ്രന്‍ (62) പള്ളി വില്ലേജ്, പള്ളി പി ഒ, ചെയ്യാര്‍ താലൂക്ക്, തിരുവണ്ണാമല, തമിഴ്നാട് എന്നയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് വെള്ളയില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2384799.

 

തേക്ക് തടി ചില്ലറ വില്‍പനക്ക്

ചാലിയം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ജൂലൈ 21 മുതല്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന നടത്തും. ബി  II, ബി III, സി II, സി III എന്നീ ഇനങ്ങളില്‍പ്പെട്ട തടികളാണ് വില്‍ക്കുക. വീട് നിര്‍മിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച അനുമതിപത്രം, 200 രൂപയുടെ മുദ്രപത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഡിപ്പോയില്‍ എത്തണം. ഫോണ്‍: 0495 2472995, 8547602855, 8547602854.

 

ഇ വി സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്ലേസ്മെന്റ് സപ്പോര്‍ട്ടോടെയുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പ്ലസ് ടു, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999658, 9072370755. https://forms.gle/8EVX4SvCL7jdvPh79

 

 

date