കൃഷിവൈവിധ്യങ്ങളെ ചേർത്തുപിടിച്ച് തിരുവമ്പാടി കാർഷിക ടൂറിസം സർക്യൂട്ട് യാത്ര
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഫാം ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു
വിവിധതരം കൃഷികളെയും കൃഷിരീതികളെയും അടുത്തറിയാൻ ഫാം ടൂർ ഒരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി പഞ്ചായത്തും തിരുവമ്പാടി കലാ-സാംസ്കാരിക സമിതിയും ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പും ചേർന്നാണ് തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് ഏകദിന യാത്ര സംഘടിപ്പിച്ചത്.
പെരുമാലിപ്പടിയിൽ പ്ലാത്തോട്ടത്തിൽ ജയ്സന്റെ ഉടമസ്ഥതയിലുള്ള ലെയ്ക് വ്യൂ ഫാം സ്റ്റേയിൽനിന്നാരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്തു. കൃഷിയെ കലയുമായി ബന്ധിപ്പിക്കുന്നതിന്റെ ഉദാഹരണമായ മുട്ടത്തുകുന്നേൽ ബോണിയുടെ 'ഗ്രെയ്സ് ഗാർഡൻ, മൂന്ന് തവണ സംസ്ഥാന അവാർഡ് നേടിയ കൈതക്കുളം സെലിൻ വിൽസന്റെ മലബാർ എഗ്ഗർ ഫാം, പുരയിടത്തിൽ ജോസിന്റെ ആടുവളർത്തൽ ഫാം, കർഷകശ്രീ ജേതാവായ സാബു തറക്കുന്നേലിന്റെ തറക്കുന്നേൽ ഗാർഡൻസ്, കേരകേസരി, കർഷകോത്തമ ജേതാവ് ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ സമ്മിശ്ര കൃഷിയിടമായ കാർമൽ അഗ്രോ ഫാം, ദേവസ്യ മുളക്കലിന്റെ ഗ്രീൻ ഫാം വില്ലാസ് എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര.
ഓരോ കൃഷിയിടത്തെയും ഓരോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക വഴി കർഷകരുടെയും നാടിൻ്റെ പൊതുവായുമുള്ള വരുമാന വർധന ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കാഫ്റ്റ് സൊസൈറ്റിയുടെ കീഴിൽ നടത്തി വരുന്ന ഫാം ടൂറിസം പദ്ധതി.
ഇതിന്റെ ഏറ്റവും ജനകീയവും ആകർഷകവുമായ പതിപ്പാണ് ഇപ്പോൾ തിരുവമ്പാടി പഞ്ചായത്തിൽ നടപ്പാക്കി വരുന്നത്.
കാഴ്ചയുടെ മനോഹാരിതക്കും മാനസിക ഉല്ലാസത്തിനുമൊപ്പം കൃഷി സംബന്ധമായ ആധികാരിക പഠനവും ഈ യാത്രയിലൂടെ സാധ്യമാകുന്നു. തെങ്ങ്, ജാതി, സമ്മിശ്ര കൃഷികൾ, അലങ്കാര ചെടികൾ, മത്സ്യ കൃഷി, അലങ്കാര മത്സ്യകൃഷി, ആട് കൃഷി തുടങ്ങി വിവിധ കാർഷിക ഫാമുകളിലേക്കാണ് സന്ദർശനം ഒരുക്കുന്നത്. കാർഷികവൃത്തി നടത്തുന്നതിനൊപ്പം കൃഷിയിടത്തെ എങ്ങനെ ടൂറിസം കേന്ദ്രമാക്കി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് ഫാമുകൾ. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിന് പുറത്ത് നിന്നും ധാരാളം ആളുകൾ ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്.
പരിപാടിക്ക് വാർഡ് മെമ്പർമാരായ ലിസി മാളിയേക്കൽ, അപ്പു കോട്ടയിൽ ലിസി സണ്ണി, ഷൈനി ബെന്നി, ഫെഡറൽ ബാങ്ക് മാനേജർ രഞ്ജിത്ത്, കാവാലം ജോർജ്, അജു എമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.
- Log in to post comments