ശുചിത്വസാഗരം സുന്ദരതീരം: പുരസ്കാര നിറവിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കടൽതീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്നതിനും അതിലൂടെ സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിനാണ് പുരസ്കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മത്സ്യതൊഴിലാളികൾ, തീരദേശ നിവാസികൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടകൾ തുടങ്ങിയവരുടെ സഹകരണത്തോടെ കടലും തീരവും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്ലാസ്റ്റിക് മുക്തമാക്കാൻ പഞ്ചായത്തിനായി.
ഒന്നാംഘട്ടത്തിൽ വിപുലമായ ബോധവത്കരണ പരിപാടികൾ നടത്തുകയും രണ്ടാം ഘട്ടത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുകയും ചെയ്തു.
ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം ഉൾക്കൊള്ളുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഴീക്കൽ മുതൽ തുവ്വപ്പാറ വരെയുള്ള തീരദേശ മേഖലയിലാകെ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നത്. കടലിലും തീരത്തും കടപ്പുറത്തും അടിഞ്ഞ്കൂടിക്കിടന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ ശേഖരിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനാംഗങ്ങൾ തരം തിരിച്ച് വലിയ ബാഗുകളിലാക്കി റീസൈക്ലിങ്ങിനായി കയറ്റി അയച്ചിരുന്നു.
മത്സ്യദിനത്തിൻ്റെ ഭാഗമായി കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനിൽനിന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പുരസ്കാരം ഏറ്റുവാങ്ങി.
പഞ്ചായത്തിന് അംഗീകാരം ലഭിച്ചത് മത്സ്യതൊഴിലാളികളുടേയും തീരദേശ നിവാസികളുടേയും രാഷ്ടീയ -സന്നദ്ധ പ്രവർത്തകരുടേയും ഹരിതകർമ സേനാംഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും നല്ല പിന്തുണ ലഭിച്ചതിനാലാണെന്നും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്നുചേർന്ന ടൂറിസ്റ്റുകളുടേയും കച്ചവടക്കാരുടേയും പിന്തുണ ലഭിച്ചിരുന്നെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
- Log in to post comments