വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി: കട്ടപ്പന ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ കലാപരിശീലനത്തിന് തുടക്കം
സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സൗജന്യ കലാപരിശീലനം ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ചിത്രരചന, ഫോട്ടോഗ്രാഫി, നാടകം, കഥകളി, ചെണ്ട എന്നിവയുടെ പരിശീലനമാണ് ആരംഭിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം വിവിധ കലാമേഖലകളിലും വിദ്യാര്‍ഥികള്‍ സജീവമാകേണ്ട കാലഘട്ടമാണെന്നും നല്ല കലാകാരന്‍ എപ്പോഴും നല്ല ഹൃദയത്തിനുടമയായിരിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ പറഞ്ഞു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി കലാപഠനത്തിനുള്ള അവസരമാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. സൗജന്യ കലാപരിശീലന പദ്ധതിയില്‍ ലളിതകലകള്‍, ക്ലാസിക്കല്‍ കലകള്‍, അഭിനയ കല, നാടോടികലകള്‍ എന്നീ കലാ വിഭാഗങ്ങളില്‍ നാല്‍പ്പതില്‍ അധികം കലാവിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സമൂഹത്തില്‍ കലാ അവബോധം വളര്‍ത്തുകയും സാധാരണക്കാരുടെ ഇടയില്‍ നിന്നും കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ജില്ലയില്‍ കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം, അടിമാലി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
കട്ടപ്പന ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക് നിര്‍വ്വഹിച്ചു. ദര്‍ശന ഫിലിം സൊസൈറ്റി സ്ഥാപക പ്രസിഡന്റ് ഇ.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക വകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.സൂര്യലാല്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു പി.ഡി, അധ്യാപകരായ ഗീത.ആര്‍.പിള്ള, സാലിമോള്‍ ജോസഫ്, സിബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപാരിപാടികളും നടന്നു.
ചിത്രം: കട്ടപ്പന ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വജ്രജൂബിലെ ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിക്കുന്നു.
- Log in to post comments