Skip to main content

ആരോഗ്യമുള്ള ജനതയിലൂടെ മാത്രമേ സാമൂഹ്യപുരോഗതി ആര്‍ജ്ജിക്കാന്‍ കഴിയൂ: മഞ്ചേരി നഗരസഭാധ്യക്ഷ വി.എം സുബൈദ

ആരോഗ്യമുള്ള ജനതയിലൂടെ മാത്രമേ സാമൂഹ്യപുരോഗതി ആര്‍ജ്ജിക്കാന്‍ കഴിയൂ എന്ന സന്ദേശം സമൂഹത്തിലെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മഞ്ചേരി നഗരസഭാധ്യക്ഷ വി.എം സുബൈദ. ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യവകുപ്പും ആരോഗ്യകേരളവും യൂണിറ്റി വിമന്‍സ് കോളേജിലെ മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  `അമ്മയാകേണ്ടത് ശരിയായ പ്രായത്തില്‍', 'മനസ്സും ശരീരവും തയ്യാറാവുമ്പോള്‍ മാത്രം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് ഈ വര്‍ഷം ദിനാചരണം സംഘടിപ്പിക്കുന്നത്.

മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉമ്മത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം സലീന ടീച്ചര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി, ഗണിത-ശാസ്ത്ര വിഭാഗം മേധാവി ഡോ. അബ്ദുള്‍ റൗഫ്, ഐ.ക്യൂ.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ ഷാഹിനമോള്‍, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് സിറിള്‍ എന്നിവര്‍ പ്രസംഗിച്ചു.
സെമിനാറില്‍ ''ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ'' എന്ന വിഷയം  ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.എന്‍.എന്‍ പമീലി അവതരിപ്പിച്ചു. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷഹന, മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി.എ അഷിത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
 

date