Skip to main content
ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് തൊഴിലാളി പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കുന്നു

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും -മന്ത്രി മുഹമ്മദ് റിയാസ്

 

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കമ്പനി സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുനല്‍കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണയോടെ ഈ നീക്കത്തെ നേരിടുമെന്നും കമ്പനി കവാടത്തില്‍ തൊഴിലാളികളുമായി സംസാരിക്കവെ മന്ത്രി അറിയിച്ചു.

തുല്യപങ്കാളിയായ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ സ്വകാര്യ ഏജന്‍സിക്ക് കമ്പനി കൈമാറി ഉത്തരവിട്ട നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. നിയമപോരാട്ടം തുടരുകയാണ്. ഇതോടൊപ്പം മറ്റു ബദല്‍ സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. വിഷയത്തില്‍ നേരത്തെ തന്നെ മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നെന്നും മന്ത്രി അറിയിച്ചു. 

നഷ്ടത്തിലായ കമ്പനികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വന്‍ ലാഭക്കുതിപ്പ് നടത്തിയതിന് നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പുനലൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി മാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന് സ്റ്റീല്‍ കോംപ്ലക്‌സും നവീകരിക്കാനാകും. നാടിന്റെ പൊതുസ്വത്ത് കച്ചവടമാക്കുന്നവരുടെ പേരുകള്‍ തൊഴിലാളികള്‍ പരസ്യപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തൊഴിലാളി സംഘടന നേതാക്കളായ ടി രാധാഗോപി, എം ഗോപാലകൃഷ്ണന്‍, എം സമീഷ്, ബാദുഷ കടലുണ്ടി, പി ജയപ്രകാശന്‍, പി ഗണേശന്‍, എന്‍ കെ ശ്രീരഞ്ജു, എം രാജു, എം പി സമീഷ് തുടങ്ങിയവര്‍ മന്ത്രിയുമായി സംസാരിച്ചു.

date