പ്രവാസി കേരളീയ ക്ഷേമ ബോർഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും
പ്രവാസി കേരളീയ ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കോഴിക്കോട് റീജിയണിന് കീഴിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുക. ജൂലൈ 16ന് വയനാട് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 18ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 21ന് കാസർകോഡ് ജില്ലാ പഞ്ചായത്ത് ഹാളിലും 29ന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലുമാണ് രാവിലെ 10 മുതൽ പരിപാടി നടക്കുക. 18നും 60 നും ഇടയിൽ പ്രായമുള്ള, രണ്ടുവർഷം പ്രവാസജീവിതം നയിച്ചവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകാം. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശദായത്തിൽ കുടിശ്ശിക വരുത്തിയവർക്ക് പിഴ ഇളവോടെ കുടിശ്ശിക അടച്ചു തീർക്കാനുളള അവസരവും ക്യാമ്പയിനിൽ ഉണ്ടാകും. പുതുതായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ആവശ്യമായ രേഖകൾ സഹിതം ക്യാമ്പയിൻ നടക്കുന്ന സ്ഥലങ്ങളിൽ എത്തണം. കോഴിക്കോട് റീജിയണിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ശേഷം മറ്റ് പത്ത് ജില്ലകളിലും ക്യാമ്പയിൻ നടത്താനും സെപ്റ്റംബർ അവസാനത്തോടെ എല്ലാ ജില്ലകളിലും അംഗത്വ കുടിശ്ശികനിവാരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി ലില്ലീസ് അറിയിച്ചു. വിശദവിവരങ്ങൾക്ക് 9847874082, 9447793859 നമ്പറുകളിൽ ബന്ധപ്പെടാം.
- Log in to post comments