Skip to main content
..

കുലശേഖരപുരം പഞ്ചായത്തിൽ 423 ലൈഫ് ഭവനങ്ങൾ താക്കോൽദാനം നിർവഹിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

 

ലൈഫ് പദ്ധതിയിലൂടെ പതിവായി വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കുലശേഖരപുരം പഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച 423  ഭവനങ്ങളുടെ താക്കോൽ കൈമാറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 പഞ്ചായത്തിൽ പദ്ധതി പ്രകാരം 650 വീടുകൾ നിർമ്മിച്ചു. കേരളത്തിൽ  ലൈഫ് മിഷനിലൂടെ നാലേമുക്കാൽ ലക്ഷം ഭവനങ്ങൾ പണികഴിപ്പിച്ചു. മറ്റ് ഭവന പദ്ധതികളിലൂടെയും വീടുകൾ നിർമ്മിച്ചു നൽകുകയാണ്. വീടുകളോടൊപ്പം വിദ്യാഭ്യാസ മേഖലയിൽ മികച്ച പശ്ചാത്തല സൗകര്യം സർക്കാർ ഒരുക്കുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ, മികച്ച റോഡുകൾ ഒപ്പം കൂടുതൽ തൊഴിൽ അവസരങ്ങളുമായി പുതിയ സംരംഭങ്ങളും ഫാക്ടറികളും  ഉയരുകയാണ്. 
സാധാരണ രോഗികൾക്ക് താങ്ങായ കാരുണ്യ പദ്ധതിയിലൂടെ കഴിഞ്ഞവർഷം 7 ലക്ഷം ഹാർട്ട് ഓപ്പറേഷൻ നടത്തി; പദ്ധതിക്കായി 400 കോടി രൂപ ചിലവായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സി ആർ മഹേഷ്‌ എം എൽ എ അധ്യക്ഷനായി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനിമോൾ നിസാം, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, പഞ്ചായത്ത്‌ അംഗങ്ങൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

date